09 May 2024 Thursday

മലയാളിയുടെ തീവ്ര വായനാനുഭവം, ഇതാണ് നജീബ്; 'ആടുജീവിതം' ഫസ്റ്റ് ലുക്ക്

ckmnews


മലയാളി സിനിമാപ്രേമികള്‍ 2024ൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലാണ് സംവിധായകൻ ബ്ലസ്സിയുടെ ആടുജീവിതമുള്ളത്. പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടിറങ്ങുന്ന ഒരോ വാർത്തയും മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ സോഷ്യൽ മീഡീയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

സമീപകാലത്ത് മലയാള സാഹിത്യത്തിൽ ഏറ്റവും മികച്ച വായനാനുഭവം സമ്മാനിച്ച ബെന്യാമിന്റെ 'ആടുജീവിത'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു.


കഴിഞ്ഞ ഏപ്രിലിൽ ആടുജീവിതത്തിന്റെ ഗ്ലിപ്സ് എന്ന നിലയിൽ ഒരു വീഡിയോ പുറത്തെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. മലയാള സിനിമയിൽ ഇതുവരെ കണ്ട ദൃശ്യാവിഷ്കാരത്തിൽ നിന്ന് ഏറെ വ്യത്യസ്തയും ആകാംക്ഷയും നൽകുന്നതുമായിരുന്നു വീഡിയോ. അതുകൊണ്ട് തന്നെ ചിത്രം എത്തുന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടിക്കൊണ്ടായിരിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.

2013 ൽ പുറത്തിറങ്ങിയ 'കളിമണ്ണി'ന് ശേഷം ബ്ലെസിയുടെതായി സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. സംവിധായകൻ ബ്ലസ്സിയുടെ സ്വപ്ന ചിത്രമായാണ് ആടുജീവിതം ഒരുങ്ങുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക. ശോഭാ മോഹനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ ആർ റഹ്‍മാൻ സംഗീതം നൽകുന്ന ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം.