09 May 2024 Thursday

'മോഹന്‍ലാലിന് കിട്ടേണ്ട ദേശീയ അവാര്‍ഡ് ഷാരൂഖ് ഖാന് കൊടുക്കാന്‍ പറഞ്ഞു' സിബി മലയിലിന്റെ വെളിപ്പെടുത്തൽ

ckmnews


2009ലെ ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ മലയാള സിനിമയായ ‘പരദേശി’യെ മാറ്റിനിര്‍ത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി ജൂറി അംഗവും സംവിധായകനുമായ സിബി മലയില്‍. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പി.ടി കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച പരദേശി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു.


ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാല്‍, സംവിധാനത്തിന് പി.ടി കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്ക് റഫീക്ക് അഹമ്മദ്, ഗായികയ്ക്ക് സുജാത മോഹന്‍ എന്നിങ്ങനെ അവാര്‍ഡ് ലഭിക്കാമായിരുന്നിട്ടും പട്ടണം റഷീദിന് മികച്ച മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചതെന്ന് സിബി മലയില്‍ പറഞ്ഞു. ‘പി.ടി കലയും കാലവും’ എന്ന പേരിൽ പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു സിബി മലയിലിന്റെ പ്രതികരണം.

മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് പുരസ്കാരം നല്‍കാമെന്ന് വരെ ജൂറിയില്‍ തീരുമാനം ഉണ്ടായിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്താല്‍ പുരസ്കാര വിതരണ പരിപാടി കൊഴുക്കുമെന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചിത്രത്തിലെ ‘തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചി ചെടിയെ’ എന്ന ഗാനം പാടിയ സുജാതയെ മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു.

മലയാള ചലച്ചിത്ര പ്രവർത്തകരിൽ അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയ, മാറ്റിനിർത്തപ്പെട്ട ഒരാളാണ് പി.ടി.കുഞ്ഞുമുഹമ്മദെന്നും സിനിമയിലും രാഷ്ട്രീയത്തിലും നിലപാടുകൾ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും സിബി മലയിൽ പറഞ്ഞു.

‘പരദേശി’ക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞാനും ഛായാഗ്രാഹകന്‍ സണ്ണി ജോസഫും ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. ഞങ്ങള്‍ മാത്രമായിരുന്നു ജൂറിയിലെ മലയാളികള്‍.സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ, ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു.


സുജാതയ്ക്കാണെന്ന് അറിഞ്ഞപ്പോൾ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് അദ്ദേഹം ചോദിക്കുകയും മുൻകൈയെടുത്ത് വിഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായത് കൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്’- സിബി മലയില്‍ പറഞ്ഞു. ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2009ല്‍ പ്രഖ്യാപിച്ച 55-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ മികച്ച നടനുള്ള പുരസ്കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം സിനിമയിലൂടെ പ്രകാശ് രാജാണ് നേടിയത്. ജൂറി തീരുമാനം പോലെ മികച്ച പിന്നണി ഗായിക്കുള്ള പുരസ്കാരം ‘ജബ് വി മെറ്റി’ലെ ‘യേ ഇഷ്ക് ഹായേ’ എന്ന ഗാനം പാടിയ ശ്രേയാഘോഷാലും സ്വന്തമാക്കി.