09 May 2024 Thursday

'ആടുജീവിതം' റിലീസ് ഏപ്രില്‍ പത്തിന്; ചിത്രം അഞ്ച് ഭാഷകളില്‍

ckmnews



അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു. ബ്ലെസി പൃഥ്വിരാജിലൂടെ തിരശീലയിലേക്കാവാഹിച്ച ബെന്യാമിന്റെ 'ആടുജീവിതം' ഏപ്രില്‍ പത്തിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മരുഭൂമിയിലൂടെ വേച്ചുവേച്ചുവരുന്ന നായകന്റെ രൂപവും ദൃശ്യപശ്ചാത്തലവും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്.

2018 മാര്‍ച്ചില്‍ കേരളത്തിലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഷൂട്ടിങ് നടന്നു. 2022 ജൂലൈയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് കാലത്ത് അഭിനേതാക്കളടക്കം 58 പേരടങ്ങിയ സംഘം എഴുപത് ദിവസത്തോളം ജോര്‍ദാനില്‍ കുടുങ്ങിയിരുന്നു.

പൃഥ്വിരാജിനൊപ്പം അമല പോള്‍, ശോഭ മോഹന്‍ തുടങ്ങിയവരും മറ്റ് ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും ചിത്രത്തിലുണ്ട്. സാക്ഷാല്‍ എ.ആര്‍.റഹ്മാനാണ് ആടുജീവിതത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും നിര്‍വഹിച്ചിരിക്കുന്നു. കെ.എസ്.സുനിലാണ് ഛായാഗ്രഹണം. എഡിറ്റിങ് : ശ്രീകര്‍ പ്രസാദ്. രഞ്ജിത് അമ്പാടിയുടെ മേക്കപ് മികവും കലാസംവിധായകന്‍ പ്രശാന്ത് മാധവിന്റെ സര്‍ഗശേഷിയും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി.

മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലുകളുടെ ഗണത്തില്‍ മുന്‍നിരയിലുള്ള ബെന്യാമിന്റെ 'ആടുജീവിതം' ചലച്ചിത്രരൂപത്തിലാക്കുന്നത് സിനിമാജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തില്‍ നിന്ന് തൊഴില്‍ തേടി ഗള്‍ഫിലെത്തിയ നജീബ് എന്ന യുവാവിന് നേരിടേണ്ടിവന്ന ദുരിതങ്ങളും മോചനവുമാണ് നോവലിന്റെ ഇതിവൃത്തം. നജീബായി മാറാന്‍ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങള്‍ ഫലം കാണുമെന്നുതന്നെയാണ് പ്രതീക്ഷ.