09 May 2024 Thursday

മറവി മായ്ച്ച ഓർമകൾ! ഇന്ന് ലോക അൽഷിമേഴ്സ് ദിനം

ckmnews



മനുഷ്യന്റെ ഓർമകളെ മായ്ച്ച് , പകരം മറവിയുടെ എത്തിപെടാത്ത ലോകത്ത് എത്തിക്കുന്നു, അതാണ് അൽഷിമേഴ്‌സ്. സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമാണ്. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും രോഗനിർണയത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നത്.


ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നിവയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുന്നതിനും അൽഷിമേഴ്‌സ് ബാധിച്ച ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് ലോക അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നത്.


1994 സെപ്റ്റംബർ 21 ന് എഡിൻബറോയിൽ നടന്ന എ ഡി ഐ സംഘടനയുടെ പത്താം വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് ലോക അൽഷിമേഴ്‌സ് ദിനം ആദ്യമായി ആചരിച്ചത്.Never too early, never too late എന്നതാണ് ഈ വർഷത്തെ ലോക അൽഷിമേഴ്‌സ് ദിനത്തിന്റെ പ്രമേയം എന്ന് പറയുന്നത്.


1906 ൽ അലോയ്‌സ് അൽഷിമേർസ് എന്ന ജർമ്മൻ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറിൽ ചില പ്രത്യേക വ്യത്യാസങ്ങൾ കണ്ടെത്തി. അവിടെ നിന്നാണ് അൽഷിമേഴ്സിന്റെ ചരിത്രം തുടങ്ങുന്നത്.

ഡിമേൻഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ്. വളരെ സാവധാനമുണ്ടാകുന്ന രോഗമായതു കൊണ്ട് തന്നെ പലപ്പോഴും തിരിച്ചറിയാൻ വൈകുന്നു. ന്യൂറോളജിക് ഡിസോർഡർ ആണിത്. ഇതിന്റെ ഫലമായി മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു. കാലക്രമേണ അൽഷിമേഴ്സ് രോഗ ലക്ഷണങ്ങൾ കൂടുതൽ പരിതാപകരമാകുന്ന അവസ്ഥയിലേക്ക് മാറുന്നു.


പ്രായം തന്നെയാണ് ഏറ്റവും പ്രധാനമായി രോഗസാധ്യത കൂട്ടുന്നത്. അറുപത്തഞ്ച് വയസ്സ് കഴിഞ്ഞാൽ ഓരോ അഞ്ചുവർഷവും രോഗസാധ്യത ഇരട്ടിയായി കൊണ്ടിരിക്കും.പുരുഷൻമാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ രോഗസാധ്യത.

വളരെ അപൂർവ്വമായി ജനിതക പ്രത്യേകതകൾ കാരണം തലമുറകളായി രോഗം കാണപ്പെടുന്ന കുടുംബങ്ങളുണ്ട്.ഡൗൺ സിൻഡ്രോം എന്ന ജനിതകാവസ്ഥയുള്ള വ്യക്തികൾക്കും രോഗസാധ്യത കൂടുതൽ ആണ്.മാനസികമായി വളരെ സജീവമായിരിക്കുന്നവർക്ക് രോഗസാധ്യത കുറവാണ് എന്നാണ് കണ്ടെത്തൽ.


നേരത്തെയുള്ള രോഗനിർണ്ണയം ഇതിനു പ്രധാനമാണ്. ലക്ഷണങ്ങൾ വിശദമായി അറിയാനും അതിനനുസരിച്ച് നിർദ്ദേശങ്ങൾ നൽകാനും ഇത് സഹായിക്കും. അൽഷിമേഴ്സ് രോഗലക്ഷണങ്ങളുമായി എത്തുന്ന രോഗിക്ക് ഓർമ്മയുടെ പല ടെസ്റ്റുകളും തലയുടെ സ്കാനും അതോടൊപ്പം മറവിക്ക് വേറെ കാരണങ്ങൾ ഉണ്ടോ എന്ന് നോക്കുന്നതിനായി രക്തപരിശോധനയും ചെയ്തു നോക്കിയാണ് രോഗം നിർണ്ണയിക്കുന്നത്. രോഗത്തിന്റെ സ്വാഭാവിക പുരോഗതിയെ പതുക്കെയാക്കാൻ മരുന്നുകൾ കൊണ്ടു സാധിക്കൂ. രോഗിയെ പൂർണ്ണമായി പഴയ പോലെയാക്കാൻ മരുന്നുകൾക്കാവില്ല .

വളരെയധികം പുരോഗമിച്ചു കഴിഞ്ഞാൽ മരുന്നുകൾ നൽകിയാലും ഫലമില്ല.

രോഗത്തിന്റെ കൂടെയുണ്ടാകാവുന്ന മാനസിക രോഗ ലക്ഷണങ്ങൾ നിയന്ത്രിക്കാനും പലവിധത്തിലുള്ള മരുന്നുകൾ ഉണ്ട്.


രോഗത്തിന്റെ കാഠിന്യം കൂടുന്തോറും രോഗിയുടെ അപകടസാധ്യത കൂടുതലാണ്. കഴിയാവുന്നത്ര അത് കുറയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. മരുന്നിനൊപ്പം സ്നേഹവും പരിചരണവും അൽഷിമേഴ്സിന് ഒരുപോലെ തണലാകും.