26 April 2024 Friday

നിയന്ത്രണങ്ങൾ മറികടന്ന് ജനങ്ങൾ പുറത്ത് നടപടി കടുപ്പിച്ച് പൊലീസ്

ckmnews

നിയന്ത്രണങ്ങൾ മറികടന്ന് ജനങ്ങൾ പുറത്ത് നടപടി കടുപ്പിച്ച് പൊലീസ് 



കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ 



തിരുവനന്തപുരം: ആരോഗ്യജാഗ്രതയും ലോക്ക്ഡൗണടക്കമുള്ള കർശന നിയന്ത്രണങ്ങളും നിലവിലുണ്ടെങ്കിലും വിവിധ ജില്ലകളിൽ ആളുകൾ പുറത്തിറങ്ങിയത് പൊലീസിനെ വലച്ചു. സംഭവത്തിന്റെ ഗൗരവം ഉൾകൊള്ളാതെ രാവിലെതന്നെ നിരവധി ആളുകളാണ് ഇരുചക്രവാഹനങ്ങളടക്കമുള്ള സ്വകാര്യവാഹനങ്ങളിൽ നിരത്തിലിറങ്ങിയത്. ഭൂരിഭാഗവും സ്ത്യവാങ്ങ് മൂലമടക്കം കയ്യിൽ കരുതിയിരുന്നു. ഗൗരവസ്വഭാവമുള്ളവയക്ക് പരിശോധനക്ക് ശേഷം പൊലീസ് യാത്രാനുമതി നൽകി. മറ്റുള്ളവരെ തിരിച്ചയച്ചു. പിന്നാലെ നിസാരകാര്യങ്ങൾക്ക് പുറത്തിറങ്ങിയവരെ താക്കീത് ചെയ്തു. ആവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകി. നിയമലംഘനം നടത്തിയവർക്കെതിരെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ എ്ന്നിവിടങ്ങളിൽ ചില കേസുകളും എടുത്തിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ ബൈക്കുകളും കാറുകളും പിടിച്ചെടുത്തു. 31 സ്‌ക്വാഡുകളാണ് ഇവിടെ പരിശോധനക്കായി രംഗത്തുള്ളത്. മുതിർന്ന ഉദ്യോഗസ്ഥരും രംഗത്തെത്തി. റൂറൽ മേഖലയിലുള്ള 21 പോലീസ് സ്‌റ്റേഷനുകളിലും അഞ്ച് സ്‌ക്വാഡുകളെ വീതം പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. 5 പൊലീസുകാർ ഉൾപ്പെടുന്ന 105 സ്‌ക്വാഡുകളാണ് ഇത്തരത്തിൽ രൂപീകരിച്ചത്. അതേസമയം കോഴിക്കോട് ജില്ലയിൽ ഇന്നലെ സ്ഥിരീകരിച്ച ഒരു കേസടക്കം 5 പേരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ദുബായി വഴി ബ്രസിലിൽ നിന്നും ഡൽഹിയിലെത്തിയതിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഒരാൾക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. വിമാനത്താവളത്തിൽ എത്തിയ ഇയാളിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ആബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വിദേശത്തുനിന്നും എത്തിയ കാസറകോഡ് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ 9709 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ പുതുതായി പ്രവേശിപ്പിച്ച 19 പേരടക്കം 35 പേർ ആശുപത്രി നിരീക്ഷണത്തിലുണ്ട്. ബിച്ച് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാനും തീരുമാനിച്ചി്ട്ടുണ്ട്.