09 May 2024 Thursday

എക്‌സിൽ ബ്ലോക്ക് ചെയ്യൽ നടക്കില്ല; പുതിയ മാറ്റത്തിനൊരുങ്ങി ഇലോൺ മസ്‌ക്

ckmnews



കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്തതിനുശേഷം ഇലോൺ മസ്ക് നടപ്പിലാക്കിയ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു. ഇപ്പോഴിതാ എക്‌സിൽ നിന്ന് ഇഷ്ടമില്ലാത്തവരെ ബ്ലോക്ക് ചെയ്യാനുള്ല ഒപ്ഷൻ എടുത്തു കളയാൻ തയാറാകുകയാണ് മസ്ക്. ബ്ലോക്ക് ചെയ്യൽ “അർത്ഥശൂന്യമാണ്” എന്നാണ് മസ്ക് പറയുന്നത്. പക്ഷേ ഉപയോക്താക്കള്‍ക്ക് അനാവശ്യമായ മെസെജുകൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എക്‌സിൽ ഉണ്ടാകും.

ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യുന്നത് ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ പോലുള്ള ആപ്പ് സ്റ്റോറുകളുടെ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കാനിടയാക്കുമെന്നും തീരുമാനത്തിനെതിരെ ആക്ഷേപം ഉയർന്നുണ്ട് .


എക്സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർ തൊഴിലുടമകളിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നാൽ അവരുടെ നിയമപരമായ നടപടികൾക്കുള്ള സാമ്പത്തിക സഹായം നല്കുമെന്ന് കഴിഞ്ഞ ദിവസം മസ്ക് അറിയിച്ചിരുന്നു. തന്റെ പ്ലാറ്റ്ഫോമിൽ നിന്നുളള സാമ്പത്തിക സഹായം അൺലിമിറ്റഡ് ആണെന്നും മസ്‌ക് പറഞ്ഞു. എന്തെങ്കിലും പോസ്റ്റു ചെയ്യുന്നതിനോ ലൈക്ക് ചെയ്യുന്നതിനോ മോശം പെരുമാറ്റം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാനും മസ്ക് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

അതേസമയം ട്വിറ്ററിന്റെ പേര് റീബ്രാൻഡ് ചെയ്ത് എക്‌സ് എന്നാക്കിയതിനു പിന്നാലെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടെന്ന് മസ്ക് പറഞ്ഞിരുന്നു. 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്‌സിന് ലഭിച്ചുവെന്നാണ് മസ്ക് ട്വിറ്റ് ചെയ്തിരിക്കുന്ന ഗ്രാഫിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ പേരിലെ മാറ്റവും ലോഗോയും വിവാദത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് ഇത്. പുതിയപേരും ലോഗോയുമാണ് എക്‌സിന് ഇപ്പോൾ ഉള്ളത്.