09 May 2024 Thursday

ചങ്ങരംകുളം സ്വദേശിയുടെ '1001 നുണകൾ' ഈ മാസം 18 മുതൽ ഒ‌ടിടിയിൽ സോണി ലൈവാണ് ചങ്ങരംകുളം സ്വദേശി താമർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയർ അവകാശം സ്വന്തമാക്കിയത്

ckmnews



ദുബായ്∙ യുഎഇയിലെ പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയിൽ നിർമിച്ച   '1001 നുണകൾ'   ഈ മാസം 18 മുതൽ ഒ‌ടിടിയിൽ. സോണി ലൈവാണ് സിനിമയുടെ ലോക ഡിജിറ്റൽ പ്രീമിയർ അവകാശം സ്വന്തമാക്കിയത്. കേരളത്തിലെ 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

ദുബായിൽ മീഡിയാ രംഗത്ത് പ്രവർത്തിക്കുന്ന ചങ്ങരംകുളം ചേലക്കടവ് സ്വദേശിയായ താമർ സംവിധാനം ചെയ്ത 1001 നുണകൾ യുഎഇയിലെ ഒരു വില്ലയിൽ നടക്കുന്ന കഥയാണ് പറയുന്നത്. ഒരു കൂട്ടം സുഹൃത്തുക്കൾ ഒത്തുചേർന്ന് ഒരു ഗെയിം കളിക്കുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ചിത്രത്തെ മുന്നോട്ട് നയിക്കുന്നു. ഓരോരുത്തരും പങ്കാളികളിൽ നിന്ന് മറച്ചുവച്ച ഒരു നുണ വെളിപ്പെടുത്തണമെന്നതാണ് ഗെയിം.  


രസകരമായി ആരംഭിക്കുകയും അസ്വസ്ഥതയുളവാക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുമ്പോൾ വിഷയം കത്തിപ്പടരുകയും ചെയ്യുന്നു. വിഷ്ണു അഗസ്ത്യ, വിദ്യാ വിജയകുമാർ, രമ്യ സുരേഷ്, രശ്മി കെ. നായർ, സുധീഷ് കോശി, സജിൻ അലി പുലക്കൽ, സുധീഷ് സ്കറിയ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിൻ സ്റ്റാനിസ്ലാസ് ക്യാമറ കൈകാര്യം ചെയ്തു. സംഗീതം നേഹ നായരും യക്‌സൻ ഗാരി പെരേരയും.  സലിം അഹമ്മദ്, ടി.പി.സുധീഷ് , അഡ്വ.  ടി.കെ ഹാഷിക് എന്നിവരാണ് നിർമാതാക്കൾ