09 May 2024 Thursday

'ന്നാ താന്‍ കേസ് കൊട്' ! ജനപ്രിയ ചിത്രമടക്കം 7 അവാർഡുകൾ

ckmnews



അമ്പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ന്നാ താന്‍ കേസ് കൊട്’. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം കലാമേന്മയും ജനപ്രീതിയുമുള്ള സിനിമ, മികച്ച തിരക്കഥാകൃത്ത്, ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം അടക്കം ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി.

കേരളത്തില്‍ ഏറെ ചര്‍ച്ചയായ സിനിമ, സാമൂഹിക പ്രസക്തിയുള്ള വിഷയം തീര്‍ത്തും രസകരമായി അവതരിപ്പിച്ചതിലൂടെ തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. റോഡിലെ കുഴികളെ ചുറ്റിപ്പറ്റി രൂപം കൊണ്ട കഥാപശ്ചാത്തലത്തില്‍ അരങ്ങേറുന്ന രസകരമായ സംഭവ വികാസങ്ങള്‍ മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്കിടയിലെത്തിക്കാന്‍ അണിയറക്കാര്‍ക്ക് സാധിച്ചു.

കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച കുഞ്ചാക്കോ ബോബന്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധേയനായി മാറിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ മികച്ച തിരക്കഥക്കുള്ള പുരസ്കാരവും നേടി. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ തങ്ങി നിന്ന കോടതി രംഗങ്ങളിലെ മജിസ്ട്രേറ്റായി മികച്ച പ്രകടനം കാഴ്ച വെച്ച പി.പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടു.


സാങ്കേതികമായും മികവ് പുലര്‍ത്തിയ ചിത്രത്തിന്‍റെ ശബ്ദമിശ്രണത്തിലൂടെ വിപിന്‍ നായരും കലാസംവിധാനത്തിലൂടെ ജ്യോതിഷ് ശങ്കറും പശ്ചാത്തല സംഗീതത്തിലൂടെ ഡോണ്‍ വിന്‍സെന്‍റും അവാര്‍ഡുകള്‍ സ്വന്തമാക്കി.