09 May 2024 Thursday

'ദേവസഭാതലം ടിക് ടോക്കില്‍ പാടുന്ന മോഹന്‍ലാല്‍'; വൈറല്‍ ആയി ഡീപ്പ് ഫേക്ക് വീഡിയോ

ckmnews


ആര്‍‌ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്‍ഫാദറിന്‍റെ മോളിവുഡ് പതിപ്പ് എന്ന പേരില്‍ എത്തിയ വീഡിയോ ആയിരുന്നു ഡീപ്പ് ഫേക്ക് വീഡിയോകളില്‍ ഒരുപക്ഷേ മലയാളികള്‍ ഏറ്റവുമധികം കണ്ടിട്ടുള്ള വീഡിയോ. ഇപ്പോഴിതാ മറ്റൊരു ഷോര്‍ട്ട് വീഡിയോയും സിനിമാപ്രേമികള്‍ക്കിടയില്‍ തംരഗമാവുകയാണ്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഗാനം മോഹന്‍ലാല്‍ ഒരു ടിക് ടോക്ക് വീഡിയോയിലൂടെ പാടി അഭിനയിച്ചിരുന്നെങ്കിലോ എന്ന ആശയത്തില്‍ നിന്നാണ് പുതിയ വീഡിയോ.

ശബരീഷ് രവി എന്നയാളാണ് ഈ വീഡിയോയുടെ സൃഷ്ടാവ്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഒറ്റ നോട്ടത്തില്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ പര്യാപ്തമാണ്. 1600 ല്‍ അധികം ലൈക്കുകളുും 270 ല്‍ ഏറെ ഷെയറുകളുമാണ് ഫേസ്ബുക്കില്‍ നിന്നുതന്നെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തുന്നുമുണ്ട്.

അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഉപയോഗം കലാരംഗത്ത് ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. എത്തരത്തിലുള്ള വീഡിയോകളും ഒരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ തയ്യാറാക്കാം എന്നതാണ് ഇതിന്‍റെ ഏറ്റവും നെഗറ്റീവ് ആയ വശം. ഗോഡ്‍ഫാദര്‍ സിനിമയുടെ മോളിവുഡ് വെര്‍ഷന്‍ ഒരുക്കിയ ആള്‍ തന്നെ ഇനി ഇത്തരം വീഡിയോകള്‍ താന്‍ സൃഷ്ടിക്കില്ലെന്ന് പറഞ്ഞിരുന്നു. വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്ന ഹോളിവുഡില്‍ നടക്കുന്ന സമരത്തിന് ഒരു കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയുടെ സിനിമാ മേഖലയിലേക്കുള്ള കടന്നുകയറ്റമാണ്. പ്രതിഫലമാണ് മറ്റൊരു കാരണം. ഹോളിവുഡിലെ എഴുത്തുകാരുടെ സംഘടന മാസങ്ങളായി തുടരുന്ന സമരത്തില്‍ അഭിനേതാക്കള്‍ കൂടി എത്തിയതോടെയാണ് സമരം കൂടുതല്‍ ലോകശ്രദ്ധയിലേക്ക് എത്തുന്നത്.