09 May 2024 Thursday

ചിരിപ്പിച്ചും പ്രണയിച്ചും ചാക്കോച്ചൻ; പദ്മിനി റിവ്യു

ckmnews


പദ്മിനി എന്ന പേര് ഒരു മനുഷ്യന്റെ ജീവിതത്തെയാകെ അനിശ്ചിതത്വത്തിലാക്കുന്ന കഥപറയുന്ന ചിത്രമാണ് 'പദ്മിനി'. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്‌ഡെയും കുഞ്ഞിരാമായണത്തിന്റെ രചയിതാവായ ദീപു പ്രദീപും കൈ കോർക്കുമ്പോൾ മലയാളികൾക്ക് ലഭിച്ചത് മറ്റൊരു ഫീൽ ഗുഡ് സിനിമയാണ്. സീരിയസ് കഥാപത്രങ്ങളിലേക്ക് കളം മാറ്റി ചവിട്ടിയ കുഞ്ചാക്കോ ബോബൻ പഴയ പ്രണയനായകന്റെ വേഷമെടുത്തണിയുന്നു എന്നതാണ് പദ്മിനിയുടെ പ്രത്യേകത. കുഞ്ചാക്കോ ബോബൻ, അപർണ്ണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ, സജിൻ ചെറുകയിൽ എന്നീ യുവതാരങ്ങൾ അണിനിരക്കുമ്പോൾ മലയാളത്തിൽ മറ്റൊരു സെന്ന ഹെഗ്‌ഡെ മാജിക്ക് സംഭവിക്കുകയാണ്.

കവിയും കോളേജ് അദ്ധ്യാപകനുമാണ് രമേശൻ. മുപ്പത്തിനാലാം വയസ്സിലാണ് രമേശൻ വിവാഹിതനാകുന്നത്. ആദ്യരാത്രിയിൽ ഭാര്യ രമേശനോട് ഒരാഗ്രഹമേ പറഞ്ഞുള്ളൂ രമേഷേട്ടനോടൊപ്പം പാടവരമ്പിലൂടെ നിലാവത്ത് നടക്കണം. ആ ആഗ്രഹം കവിയായ രമേശന്റെ ഉള്ളിൽ തന്നെ തൊട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല രമേശൻ പുതുപ്പെണ്ണായ സ്‌മൃതിയുടെ കയ്യുംപിടിച്ച് നിലാവിലേക്കിറങ്ങി. ദൂരെ ആല്മരച്ചുവട്ടിൽ അവളെക്കാത്ത് ഒരു പ്രീമിയർ പദ്മിനി കിടപ്പുണ്ടായിരുന്നു. ആദ്യരാത്രിയിൽ ഭാര്യ പ്രീമിയർ പദ്മിനി കാറിൽ ഒളിച്ചോടിപ്പോയതോടെ രമേശന് പദ്മിനി എന്ന ഇരട്ടപ്പേര് ലഭിക്കുന്നു. ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരിക്കൽ കൈപൊള്ളിയ അനുഭവം രമേശനെ പിന്നിലേക്ക് വലിക്കുകയാണ്. ഒടുവിൽ തന്നെ കളിയാക്കി വിളിക്കുന്ന പദ്മിനി എന്ന പേരുള്ള ഒരു പെൺകുട്ടിയെ തന്നെ രമേശൻ വീണ്ടും പ്രണയിക്കുന്നു. പക്ഷെ അവർക്ക് ഒരുമിക്കാൻ മുന്നിൽ നിരവധി കടമ്പകളുണ്ടായിരുന്നു.

അഭിനേതാക്കളുടെ പ്രകടന മികവ് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.


വളരെ ലളിതമായ ഒരു കോമഡി എന്റർടൈനറാണ് പദ്മിനി. അടുത്തിടെ ഇറങ്ങിയ പ്രണയ ചിത്രങ്ങളിൽ നിന്ന് വേറിട്ടൊരനുഭവമായിരിക്കും പദ്മിനി നൽകുക. ചാക്കോച്ചനിലെ പ്രണയനായകനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന കുടുംബ പ്രേക്ഷകർക്ക് രണ്ടു മണിക്കൂർ ചിരിച്ചു രസിക്കാനും കുറച്ച് സമയം മതിമറന്ന് ആസ്വദിക്കാനും വക നൽകുന്ന ചിതമാണ് പദ്മിനി.