09 May 2024 Thursday

വീണ്ടും തിയറ്റര്‍ ഇളക്കിമറിക്കാന്‍ അനിരുദ്ധ്; 'ലിയോ'യിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ എത്തി

ckmnews


തമിഴ് സൂപ്പര്‍താര ചിത്രങ്ങളില്‍ അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം ഉണ്ടെങ്കില്‍ അത് അവയ്ക്ക് നല്‍കുന്ന ഒരു അധിക മൈലേജ് ഉണ്ട്. റിലീസിനു മുന്‍പ് തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിക്കാറുള്ള ഗാനങ്ങള്‍ ചിത്രങ്ങളുടെ വിജയത്തിന്‍റെ ആക്കം കൂട്ടാറുമുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയില്‍ അനിരുദ്ധിന് തിരക്കൊഴിഞ്ഞ നേരവുമില്ല. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനാവുന്ന ലിയോ ആണ് അനിരുദ്ധിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.


ലിയോയിലെ ആദ്യ സിംഗിള്‍ വിജയ്‍യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് അവതരിപ്പിക്കുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഗാനത്തിന്‍റെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. നാ റെഡി എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവന്‍ ആണ്. അരുദ്ധിന്‍റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാല്‍ വിജയ് തന്നെയാണ്. അനിരുദ്ധിന്‍റെ മറ്റു പല ഫാസ്റ്റ് നമ്പറുകളെയും പോലെ തിയറ്ററുകള്‍ ഇളക്കിമറിക്കും ഈ ഗാനം എന്ന കാര്യത്തില്‍ സംശയമില്ല.