27 April 2024 Saturday

മലപ്പുറം ജില്ലയില്‍ 858 പേര്‍ക്കു കൂടി ഇന്നലെ മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.

ckmnews

മലപ്പുറം:  ജില്ലയിൽ പത്തു പേരാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. 6,993 പേര്‍ വീടുകളിലും 15 പേര്‍ കോവിഡ് കെയര്‍ സെന്ററിലുമാണ് കഴിയുന്നത്.

എന്നാൽ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് രോഗ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്.

ജില്ലയില്‍ നിന്നു വിദഗ്ധ പരിശോധനക്കായി അയച്ച 317 സാമ്പിളുകളില്‍ 293 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 291 പേര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വ്യക്തമാക്കി. 

23 പേരുടെ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 121 പേരെ ഇന്നലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള രണ്ടു വൈറസ് ബാധിതരുടേയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. 

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുന്‍കരുതല്‍ നടപിടികള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ജാഫർ മാലിക് പറഞ്ഞു.