26 April 2024 Friday

വാവേയുടെ ഹാര്‍മണി ഓഎസ് സ്മാര്‍ട്‌ഫോണുകള്‍ വരുന്നൂ; ഓഎസിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി

ckmnews

ആന്‍ഡ്രോയിഡ് ഓഎസിന് പകരമായി ചൈനീസ് ടെക് കമ്പനിയായ വാവേ വികസിപ്പിച്ച ഹാര്‍മണി ഓഎസിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളിലേക്ക് ഓഎസ് എത്തിക്കുന്നതിനുള്ള പദ്ധതിയും കമ്പനി വ്യത്തമാക്കി. ചൈനയിലെ ഷെന്‍സെനില്‍ നടക്കുന്ന വാവേ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് കണ്‍സ്യൂമര്‍ ബിസിനസ് സിഇഒ റിച്ചാര്‍ഡ് യു ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഹാര്‍മണി ഓഎസ് സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കിറ്റിന്റെ ബീറ്റാ പതിപ്പ് ഇന്ന് മുതല്‍ ഡെവലപ്പര്‍ മാര്‍ക്ക് ലഭ്യമാക്കും. തുടക്കത്തില്‍ സ്മാര്‍ട് വാച്ചുകള്‍, കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റി, സ്മാര്‍ട് ടിവി എന്നിവയില്‍ മാത്രമാണ് ഹാര്‍മണി ഓഎസ് പിന്തുണയ്ക്കുക. സ്മാര്‍ട്‌ഫോണുകള്‍ക്കായുള്ള സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് കിറ്റ് ഡിസംബറില്‍ പുറത്തിറക്കും. ഹാര്‍മണി ഓഎസിലുള്ള ഫോണുകള്‍ അടുത്തവര്‍ഷം പുറത്തിറക്കുമെന്ന സൂചനയും യു നല്‍കി. കൂടാതെ ഡെവലപ്പര്‍മാര്‍ക്ക് ഓഎസിന്റെ ഓപ്പണ്‍ സോഴ്‌സ് പതിപ്പ് നിര്‍മിക്കാന്‍ അനുവദിക്കുന്ന ഓപ്പണ്‍ ഹാര്‍മണി പ്രൊജക്ടിനും കമ്പനി തുടക്കമിട്ടു. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടിന് സമാനമാണിത്. 

നിലവില്‍ 128 എംബി റാം ശേഷിയുള്ള ഉപകരണങ്ങളില്‍ മാത്രമേ ഹാര്‍മണി ഓഎസ് ലഭിക്കൂ. എന്നാല്‍ അടുത്തവര്‍ഷം നാല് ജിബി റാം ശേഷിയിലേക്ക് അത് ഉയര്‍ത്തും. അടുത്തവര്‍ഷം ഒക്ടോബര്‍ മാസത്തോടെ ഈ മെമ്മറി പരിധിയും പൂര്‍ണമായി ഒഴിവാക്കും. 

അമേരിക്കയുടെ കടുത്ത വിലക്കുകളെ തുടര്‍ന്ന് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കാന്‍ ചൈനീസ് കമ്പനിയായ വാവേയ്ക്ക് അനുവാദമില്ല. ആഗോളതലത്തിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ രണ്ടാമതുണ്ടായിരുന്ന വാവേയ്ക്ക് ഈ നടപടി കനത്ത നഷ്ടമാണുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് ആന്‍ഡ്രോയിഡ് ഓഎസിന് പകരമായി വാവേ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം പ്രഖ്യാപിച്ചത്.  

ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഐഓഎസ്, ആന്‍ഡ്രോയിഡ് കുത്തക നിലനില്‍ക്കുന്നതിനാല്‍ മറ്റൊരു ഓഎസിനെ ആശ്രയിക്കാന്‍ പറ്റാത്തസ്ഥിതിയാണ് വാവേയ്ക്ക്. അതേസമയം ആന്‍ഡ്രോയിഡ് ഓഎസ് വിലക്ക് ഭാവിയില്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളും ഹാര്‍മണി ഓഎസിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.