27 April 2024 Saturday

ഗൂഗിൾ പേക്ക് എതിരെ ഹർജി; കേന്ദ്ര സർക്കാരും റിസർവ് ബാങ്കും മറുപടി നൽകണം

ckmnews

ദില്ലി: ഗൂഗിൾ പേക്ക് എതിരായ ഹർജിയിൽ കേന്ദ്രസർക്കാരിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും ദില്ലി ഹൈക്കോടതി വിശദീകരണം തേടി. വിവര ശേഖരണം, സൂക്ഷിപ്പ്, പങ്കുവയ്ക്കൽ എന്നിവയിൽ റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിച്ചതിനാണ് കേസ്. ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസ് കമ്പനിയോട് ആപ്പിൽ വിവരം സൂക്ഷിക്കരുത്, മാതൃ കമ്പനിയുൾപ്പടെയുള്ള മൂന്നാം കക്ഷിയുമായി വിവരങ്ങൾ പങ്കുവയ്ക്കരുത് എന്നും നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ആദ്യെ ടെസ് എന്ന പേരിൽ ആരംഭിച്ച ഡിജിറ്റൽ സാമ്പത്തിക സേവന പ്ലാറ്റ്ഫോം പിന്നീട് ഗൂഗിൾ പേ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. നിയമലംഘനം നടത്തിയതിന് ഗൂഗിൾ പേയോട് പിഴയീടാക്കണമെന്നും ഹർജിക്കാരാനായ അഭിഷേക് ശർമ്മ ആവശ്യപ്പെട്ടു. 

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ്  ഡിഎൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് സെപ്തംബർ 24 ലേക്ക് മാറ്റിവച്ചു. ജൂൺ മാസത്തിലും സമാനമായ കേസുണ്ടായിരുന്നു. ഗൂഗിൾ പേ സാമ്പത്തിക ഇടപാടിൽ സാങ്കേതികമായ സേവനം നൽകുന്ന മൂന്നാം കക്ഷി മാത്രമാണെന്നും പണമിടപാടിൽ പങ്കാളിയല്ലെന്നുമായിരുന്നു റിസർവ് ബാങ്കിന്റെ മറുപടി.