26 April 2024 Friday

റേഷൻ കടകളിൽ ഇനിമുതൽ ബാങ്കിംഗ് സൗകര്യവും ; പദ്ധതിയ്ക്ക് പച്ചക്കൊടി വീശി കേന്ദ്രം

ckmnews

ന്യൂഡല്‍ഹി: റേഷന്‍ കടകളെ പൊതു സേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചുഇനിമുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് പുറമെ റേഷന്‍ കടകളില്‍ ബാങ്കിന് സേവനവും ലഭ്യമാകും. ഈ സംവിധാനം എത്രയും വേഗം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു.


ഗ്രാമീണ ബാങ്കിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം, റേഷന്‍ ബാങ്കുകള്‍ എത്രത്തോളം ഉപകാരപ്രദമാണ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലുടനീളമുള്ള റേഷന്‍ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കളെ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഡല്‍ഹിയിലേയ്‌ക്ക് ക്ഷണിച്ചു.


കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായ കന്‍വാല്‍ജിത് ഷോര്‍ എന്നിവരുമായി റേഷന്‍ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തും. വരും ദിവസങ്ങള്‍ ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.