26 April 2024 Friday

ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗത്തില്‍ വര്‍ധനവ്, ഒരാള്‍ ഒരു മാസം ഉപയോഗിക്കുന്നത് 11 ജിബി; റിപ്പോര്‍ട്ട്‌

ckmnews

ന്ത്യയിലെ ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ പ്രതിമാസ ഡാറ്റാ ഉപയോഗം 11 ജിബിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് 90 ശതമാനം ആളുകളും കണ്ടന്റ് സ്ട്രീമിങ്, ഇ-ലേണിങ്, ഇന്‍ഫോടെയ്ന്‍മെന്റ്, സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കുന്നുണ്ടെന്ന് തിങ്കളാഴ്ച പുറത്തുവന്ന 'ഇവൈ ഡിജിറ്റല്‍ കണ്‍സ്യൂമര്‍ സര്‍വേ റിപ്പോര്‍ട്ടില്‍' പറയുന്നു.

61 ശതമാനം പേര്‍ ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഇക്കാലത്ത് കണ്ടന്റ് സ്ട്രീം ചെയ്യുന്നുണ്ട്. വീഡിയോ സ്ട്രീമിങ് 1.2 ഇരട്ടി വര്‍ധിച്ചിട്ടുണ്ടെന്നും ആഴ്ചയില്‍ ശരാശരി വീഡിയോ സ്ട്രീമിങ് സമയം ഒരാള്‍ക്ക് 4.2 മണിക്കൂര്‍ ആയി വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

60 ശതമാനം പേര്‍ സബ്‌സ്‌ക്രിപ്ഷന്‍ സ്ട്രീമിങ് സേവനങ്ങളാണ് ഇഷ്ടപ്പെടുന്നത്. 20 ശതമാനം പേര്‍ ടിവി വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നു. ടിവി ഇഷ്ടപ്പെടുന്നവര്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് സിനിമ കാണുന്നതിനും, പരിപാടികളും, വാര്‍ത്തകളും കാണുന്നതിനുമാണ്. 

ഡിജിറ്റല്‍ സേവനങ്ങളോടുള്ള മാറുന്ന രീതികളും കാഴ്ചപ്പാടുകളും മനസിലാക്കുന്നതിനായി 2,600 ല്‍ അധികം ഉപഭോക്താക്കളുടെ പ്രതികരണങ്ങളാണ് സര്‍വേ വിശകലനം ചെയ്തത്.

''33 ശതമാനം ആളുകളും ഉയര്‍ന്ന ഡാറ്റാ പാക്കേജുകള്‍ക്കായി ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അപ്‌ഗ്രേഡ് ചെയ്തു. അതില്‍ 40 ശതമാനവും അണ്‍ലിമിറ്റഡ് പ്ലാനുകളാണ്. 

മിതമായ ഇന്റര്‍നെറ്റ് ബ്രൗസിങ്, ചാറ്റിങ്, ഫോണ്‍ വിളി തുടങ്ങിയ അടിസ്ഥാന ഉപയോഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 

'അടിസ്ഥാന ഡാറ്റാ ഉപയോക്താക്കളില്‍ ഏകദേശം 11 ശതമാനം പേരും സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോളിങ് തുടങ്ങിയവയുടെ വര്‍ധിച്ച ഉപയോഗത്തിനായി  നിലവിലുള്ള പായ്ക്കുകള്‍ പരിധിയില്ലാത്തതോ 50 ശതമാനം -100 ശതമാനം ഉയര്‍ന്ന ഡാറ്റയോ ആയി അപ്‌ഗ്രേഡ് ചെയ്തു.

വിദൂര ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം അതിവേഗ ഹ്രോഡ്ബാന്‍ഡിനുള്ള ആവശ്യകത വര്‍ധിച്ചിട്ടുണ്ടെന്നും അതിവേഗ ഇന്റര്‍നെറ്റ് കൂടുതല്‍ അടിയന്തിരാവശ്യമായി മാറിയിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.