26 April 2024 Friday

സംസ്ഥാനത്ത് കൊവിഡ് മരണം 18 ആയി, കണ്ണൂരിൽ ആശുപത്രിയിലേക്ക് മാറ്റവേ രോഗി മരിച്ചു

ckmnews




കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇരിട്ടിയിലെ വീട്ടിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. 


ഇദ്ദേഹവും മറ്റ് നാല് പേരും മെയ് 22-ന് മസ്കറ്റിൽ നിന്നാണ് നാട്ടിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്‍റെ മകന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന് ഹൃദയസംബന്ധിയായ അസുഖങ്ങളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിലേക്കാണ് മുഹമ്മദിനെ മാറ്റാനിരുന്നത്. എന്നാൽ ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. 


മുഹമ്മദിന്‍റെ മരണത്തോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. 


തൃശ്ശൂരിൽ കഴിഞ്ഞ 7-ാം തീയതി ശ്വാസ തടസത്തെ തുടർന്ന് മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്‍റേത്  കൊവിഡ് മരണമായിരുന്നെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്. 87-കാരനായ കുമാരൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ഫലം വന്ന ദിവസം രാത്രിയിലാണ് കുമാരന്‍ മരിച്ചത്. പിറ്റേ ദിവസം വന്ന കണക്കുകളില്‍ കുമാരന്‍റേത് കൊവിഡ് മരണമായി ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണെന്ന് അറിയിച്ചു. തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. 


ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സ തേടിയ കുമാരന്‍റെ സ്രവപരിശോധന നടത്തിയപ്പോൾ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.