26 April 2024 Friday

അതിരപ്പിള്ളി പദ്ധതിക്കു പച്ചക്കൊടി; എതിർത്ത് സിപിഐയും പ്രതിപക്ഷവും

ckmnews



തിരുവനന്തപുരം ∙ ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ മാറ്റിവച്ചിരുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു പച്ചക്കൊടി കാട്ടി സർക്കാർ. സഖ്യകക്ഷിയായ സിപിഐയുടെ എതിർപ്പു നിൽക്കെ പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്കു സംസ്ഥാന സർക്കാർ അനുമതി നൽകി. എന്‍ഒസി (നോൺ ഒബ്ജക‌്‍ഷൻ സർട്ടിഫിക്കറ്റ്) നല്‍കിയതില്‍ കൃത്യമായ മറുപടി നല്‍കാതെ മന്ത്രി എം.എം.മണി ഒഴിഞ്ഞുമാറി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എഐവൈഎഫ് രംഗത്തെത്തി.പദ്ധതിയെപ്പറ്റി ആലോചന തുടങ്ങി 41 വർഷങ്ങൾക്കുശേഷം യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണു സർക്കാർ. പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക‌, പാരിസ്ഥിതിക അനുമതികൾക്കായി സർക്കാർ എൻഒ‌സി അനുവദിക്കുകയായിരുന്നു. ഏഴു വർഷമാണ് എൻഒസിയുടെ കാലാവധി. അനുമതി ലഭിച്ചു കഴിഞ്ഞ് പദ്ധതി പൂർത്തിയാക്കാൻ ഏഴു വർഷം വേണ്ടിവരും എന്നതിനാലാണിത്. കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് എൻഒസി ആവശ്യപ്പെട്ടത്.മന്ത്രിസഭയിലും ജനങ്ങൾക്കിടയിലും പദ്ധതിയോട് എതിർപ്പുണ്ടെന്ന് പറഞ്ഞ വൈദ്യുതിമന്ത്രി, ഭാവി നിലപാടിൽ വ്യക്തത നൽകിയില്ല. നേരത്തെ ലഭിച്ച വനം വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതിയുടെ സമയം 2017ൽ കഴിഞ്ഞിരുന്നു. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി 2018ൽ വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ചു കിലോമീറ്റർ മുകളിലുള്ള നിർദിഷ്ട അണക്കെട്ടിലൂടെ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണു ലക്ഷ്യമിടുന്നത്.അതിരപ്പിള്ളിയില്‍ ഡാം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് ശക്തമായി നേരിടും. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം ജനവഞ്ചനയാണ്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അതിരപ്പിള്ളിയുമായി മുന്നോട്ടുപോകാനാവില്ലെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. മണ്ണിനെയും മനുഷ്യനെയും മറക്കാത്ത വികസനമെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. എൽഡിഎഫിൽ ചർച്ച ചെയ്തിട്ടു വേണം ഇത്തരം നീക്കങ്ങളിലേക്ക് കടക്കാൻ. ചർച്ച ചെയ്ത് ഉപേക്ഷിച്ച പദ്ധതിയാണിത്. പുതിയ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിപിഐയുടെ യുവജന വിഭാഗമായ എവൈഐഎഫും പ്രതിഷേധവുമായി രംഗത്തെത്തി.