27 April 2024 Saturday

വീണ്ടും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 60 പൈസ കൂട്ടി

ckmnews


തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഞായറാഴ്ച 60 പൈസ കൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ചയും 60 പൈസയുടെ വര്‍ധനവരുത്തി. 


ഇതോടെ ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 72.46 രൂപയായി. 70.59 രൂപയാണ് ഡീസലിന്റെ വില. 83 ദിവസത്തെ ലോക്ക്ഡൗണ്‍ കാലത്തിനുശേഷമാണ് കഴിഞ്ഞദിവസം വിലയില്‍ 60 പൈസയുടെ വര്‍ധനവരുത്തിയത്. 


ലോക്ക്ഡൗണ്‍ കാലയളവില്‍ ദിനംപ്രതിയുള്ള വിലനിശ്ചയിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതേസമയം, എല്‍പിജിയുടെയും ഏവിയേഷന്‍ ഫ്യുവലിന്റെയും വില പുതുക്കിയിരുന്നു.


ആഗോള വിപണിയിലെ വില കൂപ്പുകുത്തിയതിനുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഇന്ധനവില പരിഷ്‌കരിക്കുന്നത് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചത്. മെയ് ആറിന് വീണ്ടും കേന്ദ്രം എക്‌സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയര്‍ത്തി.


അതോടെ ആഗോള വിപണിയിലെ എണ്ണവിലയിടിവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതെ പോയി. വരുംദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിക്കാനാണ് സാധ്യത. 


പെട്രോള്‍ വില

തിരുവനന്തപുരം-74.17 രൂപ

കൊച്ചി-72.59

കോഴിക്കോട്-72.89


ഡീസല്‍ വില

തിരുവനന്തപുരം-68.17

കൊച്ചി-66.68

കോഴിക്കോട്-66.99