27 April 2024 Saturday

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം

ckmnews



കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് ഹോട്ടലുടമകള്‍. കോവിഡ് വ്യാപന സമയത്ത് ഹോട്ടലുകള്‍ തുറന്നാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്നാണ് ഇവരുടെ നിലപാട്.  ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റൊറന്റ് അസോസിയേഷന്‍ തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.


തിങ്കളാഴ്ച ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറക്കേണ്ടതില്ലെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായി കഴിഞ്ഞു.  ഏതൊക്കെ സ്ഥലങ്ങളില്‍ എങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കണമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റൊറന്റ് അസോസിയേഷന്‍ യൂണിറ്റ് കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


യൂണിറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷമാകും കോഴിക്കോട് ജില്ലയില്‍ എന്നുമുതല്‍ ഹോട്ടലുകള്‍ തുറക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. 


അതേസമയം ജൂലൈ 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടതില്ലെന്നാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.


കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഹോട്ടലുകള്‍ കൂടി തുറന്നാല്‍ രോഗവ്യാപനം കൂടുതലാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു.