27 April 2024 Saturday

കോവിഡ്‌: മലപ്പുറത്ത് മുൻ ഫുട്ബോൾ താരം മരിച്ചു, 3 വയസ്സുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേര്‍ക്ക് രോഗം മലപ്പുറത്ത് നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ckmnews




മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒരു കുട്ടി മരിച്ചു. 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം കൊവിഡ് പരിശോധനക്കയച്ചു.


കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞാണ്. ശ്വസതടസം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ലക്ഷണമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ചാത്തല്ലൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.


അതിനിടെ  സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശിയും മുൻ ഫുട്ബോൾ താരവുമായ  ഹംസക്കോയയാണ് മരിച്ചത്. അറുപത്തൊന്ന് വയസ്സുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 21 ന് മുംബൈയിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്. 


പേരക്കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പനിയെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ മരണം സ്ഥിരീകരിച്ചത്. 


കുടുംബം ഒട്ടാകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ മകൻ മകന്റെ ഭാര്യ രണ്ട് കുട്ടികൾ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കൾ കോളേജിൽ ചികിത്സയിലാണ് ഇപ്പോൾ. മുംബൈയിൽ നിന്ന് റോഡ്മാര്‍ഗ്ഗമാണ് ഇവര്‍ മലപ്പുറത്തെത്തിയത്. 


മുപ്പതാംതീയതി മുതൽ കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെ രണ്ട് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാൽ ഏതെങ്കിലും തരത്തിൽ ഗുരുതരവസ്ഥ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല.


മുൻ ഫുട്ബോൾ താരം കൂടിയാണ് ഹംസക്കോയ. മോഹൻബഗാൻ മുഹമ്മദൻസ് ക്ലബുകൾക്ക് വേണ്ടി കളിക്കളത്തിൽ സജീവമായിരുന്നു ഹംസക്കോയ. സന്തോഷ് ട്രോഫി ടീമിൽ അഞ്ച് തവണ അംഗമായിട്ടുണ്ട്. മഹാരാഷ്ട്രക്ക് വേണ്ടി കളിച്ച സന്തോഷ് ട്രോഫി താരമായിരുന്നു ഹംസക്കോയ. 


കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് മഞ്ചേരി മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോകോൾ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. പൊലീസും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്..