27 April 2024 Saturday

സംസ്ഥാനത്ത് ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്നു IMA

ckmnews



തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആരാധനാലയങ്ങള്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗവ്യാപനം നിയന്ത്രണാതീതമാവും. ഉറവിടം അറിയാത്ത കോവിഡ് കേസുകളിലൂടെ സമൂഹവ്യാപനം നടക്കുന്നുവെന്ന് കരുതണമെന്നും ഐഎംഎ പറയുന്നു. 


സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥയിലാണ് രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നത്,  ഇളവുകള്‍ നല്‍കി പുറത്തിറങ്ങിയവര്‍ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്‌ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. 


കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടിവരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതില്‍ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാന്‍.


ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരുമെന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാല്‍ അത് നമ്മുടെ ആരോഗ്യ സംവിധാനം സമ്മര്‍ദത്തിലാവും. അതിനാല്‍ ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് തന്നെയാണ് ഐ.എം.എ കേരള ഘടകം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.