26 April 2024 Friday

‘മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നു’; ദേവികയുടെ ആത്മഹത്യയിൽ നിർണായക തെളിവായി നോട്ടുപുസ്തകത്തിൽ കുറിച്ചത് ഇങ്ങനെ; തെളിവുകൾ ശേഖരിച്ച് പൊലീസ്

ckmnews


വളാഞ്ചേരി : ദേവികയുടെ ആത്മഹത്യയിൽ നിർണായക തെളിവായി നോട്ടുപുസ്തകം പൊലീസ് കണ്ടെത്തി. മരണത്തെ താൻ ഇഷ്ടപ്പെടുന്നുവെന്നാണ് നോട്ട്ബുക്കിൽ ദേവിക കുറിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം വളാഞ്ചേരി ഇരുമ്പിളിയത്തെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.


ജൂൺ രണ്ടിനാണ് മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ).


വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് ബന്ധുക്കൾ പറയുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം പങ്കുവെച്ചിരുന്നതായി മാതാപിതാക്കളും അറിയിച്ചു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പൊലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു.അതേസമയം, മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ് തല വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോർട്ട് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു. വിശദമായി അന്വേഷിച്ച് ശക്തമായ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളുടെ അസൗകര്യങ്ങൾ സംബന്ധിച്ച കുറവുകൾ നികത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ എടുക്കുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥിനിയുടെ മരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.