26 April 2024 Friday

ഇന്ന് 'നിസർഗ' ചുഴലിക്കാറ്റ് ഉഗ്രരൂപിയാവും

ckmnews


കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്


 കൊങ്കൻ വഴിയുള്ള സ്പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടു



തിരുവനന്തപുരം: മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസർഗ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ്‌ ജില്ലയിലെ അലിബാഗിനുസമീപം കരയിൽത്തൊടുന്ന ചുഴലി മുംബൈ നഗരത്തിലുൾപ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും. റായ്ഗഢ്, പാൽഘർ, താനെ, മുംബൈ ജില്ലകളിൽ കനത്തനാശം വിതയ്ക്കും. കോവിഡിനോട്‌ പൊരുതുന്ന മുംബൈ നഗരത്തിൽ പേമാരികൂടിയെത്തുന്നത് ആശങ്കപരത്തുന്നുണ്ട്.


കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 11.5 സെന്റീമീറ്റർ വരെയുള്ള ശക്തമോ, 20.4 സെൻറീമീറ്റർവരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.


ദുരന്തനിവാരണസേനയെ അയച്ചു


: മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എൻ.ഡി.ആർ.എഫ്.) അയച്ചതായി എൻ.ഡി.ആർ.എഫ്. ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ പറഞ്ഞു. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. കൂടുതൽ സംഘങ്ങളെ തയ്യാറാക്കിനിർത്തി.


നിസർഗ എന്നാൽ പ്രകൃതി


അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രന്യൂനമർദം കാരണം രൂപംകൊണ്ട ചുഴലിക്കാറ്റിന് നിസർഗ എന്നു പേരിട്ടത് ബംഗ്ലാദേശ്. പ്രകൃതി എന്നർഥം. 2019-ൽ ഒഡിഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ഫാനി എന്നുപേരു നൽകിയതും ബംഗ്ലാദേശാണ്.


കൊങ്കൺ പാതയിലൂടെയുള്ള സ്പെഷൽ ട്രെയിനുകൾ നിസർഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു. 

വഴിതിരിച്ചുവിട്ട ട്രെയിനുകൾ


∙ എറണാകുളത്തു നിന്നു ഡൽഹി നിസാമുദീനിലേക്കു ചൊവ്വാഴ്ച (02-06-2020) പുറപ്പെട്ട മംഗള എക്സ്പ്രസ്  (02617) മഡ്ഗാവ്, ലോണ്ട, മീറജ്, പുണെ, മൻമാഡ് വഴി തിരിച്ചുവിട്ടു.


∙ തിരുവനന്തപുരത്തു നിന്നു കുർള എൽടിടിയിലേക്കു ചൊവ്വാഴ്ച പുറപ്പെട്ട നേത്രാവതി എക്സ്പ്രസ് (06346) മഡ്ഗാവ്, ലോണ്ട, മീറജ്, പുണെ, കല്യാൺ വഴി തിരിച്ചുവിട്ടു.


∙ ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ച പുറപ്പെട്ട സ്പെഷൽ ട്രെയിൻ (02432) സൂറത്ത്, വസായ് റോഡ്, കല്യാൺ, മീറജ്, ലോണ്ട, മഡ്ഗാവ് വഴി തിരിച്ചുവിട്ടു.


∙ കുർള എൽടിടിയിൽ നിന്ന് ബുധനാഴ്ച (03-06-2020) രാവിലെ 11.40നു പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് (06345) വൈകിട്ട് ആറിലേക്കു മാറ്റി