26 April 2024 Friday

കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത: നിര്‍മ്മലയ്ക്ക് പകരം കാമത്ത് ധനമന്ത്രിയായേക്കും

ckmnews




ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനയ്ക്കുള്ള സാധ്യതകളേറുന്നു. ധനമന്ത്രി സ്ഥാനത്തിലടക്കം വലിയ അഴിച്ചു പണിയുണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 


ബ്രിക്‌സ് ബാങ്കായ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ മേധാവി കെ.വി കാമത്തിന്റെ പേരാണ് നിര്‍മ്മലയ്ക്ക് പകരം ഉയര്‍ന്നു കേള്‍ക്കുന്നത്. എന്‍ഡിബി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കാമത്ത് രാജിവച്ചതോടെയാണ് അദ്ദേഹം ധനമന്ത്രിയായേക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്‌.


ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ കൂടിയായ കാമത്ത് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


കോവിഡ് ലോക്കഡൗണിനെ തുടര്‍ന്ന് സാമ്പത്തിക നയങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ അവശ്യമാകുന്ന സാഹചര്യത്തിലാണ് ധനമന്ത്രിസ്ഥാനം മേഖലയില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവര്‍ക്കു നല്‍കാന്‍ മോദിസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. 


ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുള്ള മാറ്റങ്ങളും ആലോചനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരെ പാര്‍ട്ടി പദവികളിലേക്ക് തിരികെ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. 


പുന:സംഘടനയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും ഇടം നല്‍കിയേക്കും.


കാമത്ത് മന്ത്രിസഭയിലേക്ക് വരുമെന്ന വാര്‍ത്തകള്‍ നേരത്തെ ഐഎഎൻസ് അടക്കം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 


നന്ദന്‍ നിലേകാനി, മോഹന്‍ദാസ് പൈ, സുരേഷ് പ്രഭു എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്‌