26 April 2024 Friday

കപ്പേളയുടെ അന്യഭാഷാ റീമേക്കുകൾക്ക് വിലക്ക്

ckmnews

കപ്പേളയുടെ അന്യഭാഷാ റീമേക്കുകൾക്ക് വിലക്ക്


മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയുടെ തെലുങ്ക് അടക്കമുള്ള അന്യഭാഷാ റീമേക്കുകൾ വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ സഹ എഴുത്തുകാരനായ സുദാസ് നൽകിയ ഹർജിയിലാണ് കോടതി വിധി.സുദാസും നിഖിൽ വാഹിദും മുസ്തഫയും ചേർന്നാണ് . കപ്പേളയുടെ കഥയും തിരക്കഥയും സംഭാഷവും ഒരുക്കിയിരിക്കുന്നത്. എന്നാൽ സുദാസ് അടക്കമുള്ള തിരക്കഥാകൃത്തുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള നീക്കങ്ങൾ സംവിധായകനും നിർമാതാവും ചേർന്ന് നടത്തിയതോടെയാണ് സുദാസ് കോടതിയെ സമീപിക്കുന്നത്.


കപ്പേളയുടെ മലയാളം പതിപ്പിന്റെ ചിത്രീകരണത്തിന് മുൻപ് തന്നെ സുദാസ് അടക്കമുള്ള തിരക്കഥാകൃത്തുക്കളും സിനിമയുടെ അണിയറപ്രവർത്തകരും തമ്മിലുള്ള ധാരണാപത്രം സംബന്ധിച്ച് അവ്യക്തതകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. മറ്റൊരു ധാരണാപത്രം തയാറാക്കി നൽകാം എന്ന് സംവിധായകൻ പറഞ്ഞതല്ലാതെ തുടർന്ന് നടപടികളൊന്നും ഉണ്ടായില്ല. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ സിനിമാ പോസ്റ്ററുകളിൽ നിന്നുൾപ്പെടെ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് നിന്ന് സുദാസിന്റെ പേര് അണിയറപ്രവർത്തകർ ഒഴിവാക്കി. ഇത് ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.ഒടുവിൽ ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോൾ തങ്ങൾക്ക് ലഭിക്കേണ്ട പണമോ അവകാശങ്ങളോ ചിത്രത്തിന്റെ സംവിധായകൻ അടക്കമുള്ള അണിയറപ്രവർത്തകൻ നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് സുദാസ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് സുദാസിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.