28 June 2024 Friday

കെജിഎഫിൽ വീണ്ടും സ്വർണ ഖനനത്തിന് അനുമതി ഒരു ടൺ മണ്ണിൽനിന്ന് കിട്ടുക ഒരു ഗ്രാം സ്വർണം

ckmnews

കെജിഎഫിൽ വീണ്ടും സ്വർണ ഖനനത്തിന് അനുമതി

ഒരു ടൺ മണ്ണിൽനിന്ന് കിട്ടുക ഒരു ഗ്രാം സ്വർണം


ബെംഗളൂരു∙ കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽനിന്നു വീണ്ടും സ്വർണം വേർതിരിക്കാനാണു പദ്ധതി.


1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോൾഡ് മൈൻസ് കമ്പനി സർക്കാരിനു നൽകാനുള്ള 724 കോടി രൂപയ്ക്കു പകരമായി കമ്പനിയുടെ പേരിലുള്ള 2,330 ഏക്കർ ഭൂമി സർക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ പാർക്ക് തുടങ്ങാനും കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്.