ചങ്ങരംകുളം:ഭാര്യയുമായി ഒരു വർഷത്തിലേറെയായി വേർപിരിഞ്ഞു കഴിയുന്നയാളുടെ രണ്ടാം വിവാഹം തടഞ്ഞു കോടതി.മാറഞ്ചേരി നാലകത്ത് കാവുങ്ങലയില്‍ ലുബ്ന അഷ്റഫ് നല്‍കിയ ഹർജിയില്‍ പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ലുബ്നയും നന്നംമുക്ക് ഒരുപ്പാക്കില്‍ ഇഷാഖും തമ്മില്‍ 2017 ജൂലായ് അഞ്ചിന് ആണ് വിവാഹിതരായത്.വിവാഹസമയത്ത് നല്‍കിയ 51 പവൻ ആഭരണങ്ങളും 25 പവൻ സ്വർണനാണയങ്ങളും ഭർത്തൃവീട്ടുകാർ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവാക്കുകയും പിന്നീട് ഇഷാഖും വീട്ടുകാരും നിരന്തരം ലുബ്നയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
പിന്നീട് ലുബ്നയെ സ്വന്തം വീട്ടിലാക്കി ഇഷാഖ് മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതറിഞ്ഞാണ് യുവതി കോടതിയെ സമീപിച്ചത്.വ്യക്തിനിയമത്തിലെ നിബന്ധനകള്‍ പാലിക്കാതെ രണ്ടാം വിവാഹം കഴിക്കുന്നത് ലുബ്നയോടുള്ള ക്രൂരതയാണെന്ന വാദം അംഗീകരിച്ചാണ് മറ്റൊരുത്തരവുണ്ടാകുന്നതുവരെ വേറെ വിവാഹം കഴിക്കരുതെന്ന് കോടതി ഉത്തരവിറക്കിയത്.