വെടിനിർത്തൽ പുതിയ ശുപാർശകൾ ഹമാസ് അംഗീകരിച്ചെങ്കിലും ഗാസ സിറ്റി പിടിക്കാനുള്ള ആക്രമണം തുടർന്ന് ഇസ്രയേൽ. ഇസ്രയേൽ ഇന്നലെ നടത്തിയ വെടിവയ്പുകളിലും ബോംബിങ്ങിലും 60 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 31 പേരും ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 62,064 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയുടെ കിഴക്കൻ മേഖലയായ സെയ്തൻ വളഞ്ഞ ഇസ്രയേൽ ടാങ്കുകൾ, പ്രദേശത്തെ 450 ൽ ഏറെ വീടുകൾ ബോംബുവച്ചു തകർത്തു. സബ്ര മേഖലയിലേക്ക് ഇസ്രയേൽ സൈന്യം നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഗാസയിലെ പട്ടിണി തടയാൻ ഇസ്രയേൽ ഒന്നും ചെയ്യുന്നില്ലെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം ഓഫിസ് കുറ്റപ്പെടുത്തി. പട്ടിണിമൂലം ഇന്നലെ 3 പലസ്തീൻകാർ കൂടി മരിച്ചു.
ലോകത്തെ സംഘർഷമേഖലകളിൽ കഴിഞ്ഞവർഷം 383 സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതായും ഇതിൽ 180 പേരും ഗാസയിലാണെന്നും യുഎൻ ജീവകാരുണ്യവിഭാഗം അറിയിച്ചു. മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും മുൻകയ്യെടുത്തു തയാറാക്കിയ 60 ദിവസത്തെ വെടിനിർത്തൽ പദ്ധതിയാണു ഹമാസ് തിങ്കളാഴ്ച അംഗീകരിച്ചത്. ഹമാസിന്റെ മറുപടി പഠിച്ചുവരികയാണെന്നു മാത്രമാണ് ഇസ്രയേൽ പ്രതികരിച്ചത്. ശേഷിക്കുന്ന 50 ബന്ദികളെയും വിട്ടയയ്ക്കണമെന്ന ആവശ്യം ഇസ്രയേൽ ഉയർത്തിയതായും റിപ്പോർട്ടുണ്ട്. ബന്ദികളെ രണ്ടുഘട്ടമായി മോചിപ്പിക്കുമെന്നാണു പദ്ധതിയിലുള്ളത്