ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സർവകലാശാലയുടെ ഹർജിയിൽ വിധി പറയുന്നത്. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെയാണ് ഡൽഹി സർവകലാശാല ഹർജി നൽകിയത്. ഡൽഹി സർവകലാശാല വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്നും ഇതുവരെ നൽകിയ ബിരുദത്തിന്റെ വിവരങ്ങൾ സ്വകാര്യ വിവരങ്ങൾ അല്ലെന്നും വിവരാവകാശ നിയമപ്രകാരം നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണം എന്നുമാണ് എതിർ ഹർജിക്കാരുടെ വാദം.പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിക്ക് അത് നൽകണമെന്നായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഡൽഹി സർവകലാശാല അപ്പീൽ നൽകിയത്. പിന്നാലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാം പക്ഷേ അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ഡൽഹി സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചത്. ഹർജിയിൽ വാദം പൂർത്തിയാക്കി ഫെബ്രുവരിയിൽ വിധി പറയാൻ മാറ്റിയ കേസിലാണ് കോടതി ഇന്ന് വിധി പറയുക.1978ൽ നരേന്ദ്രമോദി ഡൽഹി സർവകലാശാലയിൽനിന്നും എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉള്ളത്. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നീരജ് ശർമ നൽകിയ വിവരാവകാശ അപേക്ഷ ആദ്യം ഡൽഹി സർവകലാശാല തള്ളുകയും ഇതിന് പിന്നാലെ ഇദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മീഷണർക്ക് അപ്പീൽ നൽകുകയും ചെയ്തിരുന്നു.