മകൾ ഖുശിയെ സാക്ഷിയാക്കി നടിയും ബിഗ് ബോസ് മത്സരാർത്ഥിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. സിബിൻ ആണ് വരൻ. മൂന്നു മാസങ്ങൾക്ക് മുൻപ് വിവാഹനിശ്ചയത്തിന്റെ വിശേഷം അവർ പങ്കിട്ടിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹചിത്രങ്ങൾ ആര്യ ബാബു അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു.ഏകമകൾ റോയ എന്ന ഖുശി കൗമാരപ്രായത്തിലേക്ക് കടന്നശേഷമുള്ള ആര്യയുടെ സുപ്രധാന തീരുമാനമാണിത്. ജീവിതത്തിലേക്ക് ആര്യ കടന്നുവരുന്നതിനെ കുറിച്ച് സെബിനും ചിലതു പറയാനുണ്ടായിരുന്നു. ജീവിതത്തിൽ താൻ ഒട്ടേറെ തെറ്റായ തീരുമാനങ്ങൾ എടുത്തിരുന്നു. ചിലത് തന്നെ മുറിപ്പെടുത്തുന്നതായിമാറി. അക്കാലങ്ങളിൽ ഒരു പരാതിപോലുമില്ലാതെ ഒപ്പം നിന്ന ഒരേയൊരാൾ മാത്രമേയുള്ളൂ. പരാതിയോ, വിലയിരുത്തലുകളോ, ഉപാധികളോ വയ്ക്കാതെ കൂടെനിന്ന ബെസ്റ്റ് ഫ്രണ്ട് എന്നാണ് സിബിൻ ആര്യയെ വിശേഷിപ്പിച്ചത്.പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആര്യയും, മകൻ റയാനും മകൾ ഖുശിയും കൂടെയുണ്ടാകും എന്നാണ് സെബിൻ കുറിച്ച വാക്കുകൾ. ആര്യ പങ്കെടുത്ത ബിഗ് ബോസ് മലയാളം സീസണ് ശേഷമാണ് സെബിൻ പങ്കെടുത്തത്. ഇവരുടെ സൗഹൃദം വളരെക്കാലം മുൻപേ പ്രശസ്തമാണ് താനും. ഉറ്റ സുഹൃത്തുക്കൾ എന്നതിൽ നിന്നും ജീവിതപങ്കാളിയിലേക്ക് മാറുന്നു എന്ന് ആര്യ ബാബുവും അവരുടെ കുറിപ്പിൽ പറഞ്ഞിരുന്നു. തൊഴിൽപരമായി നോക്കിയാൽ, സെബിൻ ഒരു ഡി.ജെയാണ്. പ്രശസ്തരായ നിരവധിപ്പേർക്കൊപ്പം മ്യൂസിക് മേഖലയിൽ സെബിനെ കാണാം.