മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പോ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമായ ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം ഒടുവിൽ എത്തുമെന്നാണ് മുൻപ് പറഞ്ഞതെങ്കിലും അടുത്തമാസം ആറാം തീയതി പ്രേക്ഷകർക്ക് മുൻപിൽ റീ റിലീസ് ചെയ്യുമെന്നാണ് വിവരം.കഴിഞ്ഞ ദിവസം മോഹൻലാൽ തന്നെയായാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഉദയനാണ് താരം എന്ന സിനിമയുടെ റീ റിലീസിനായി കാത്തിരിക്കുന്നത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.ഇരുപത് വർഷത്തിന് ശേഷമാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ വീണ്ടും എത്തുന്നത്. സിനിമയ്ക്കുള്ളിൽ സിനിമയുടെ കഥ പറയുന്ന ഉദയനാണ് താരം റോഷൻ ആൻഡ്രൂസ് ആണ് സംവിധാനം ചെയ്തത്. ശ്രീനിവാസൻ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമിച്ചത്.സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രമായ ഉദയഭാനുവിനും ശ്രീനിവാസന്റെ രാജപ്പൻ എന്ന സരോജ് കുമാറിനും ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. പച്ചാളം ഭാസിയായി ജഗതി ശ്രീകുമാറും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. മീനയാണ് സിനിമയിൽ നായികയായി എത്തിയത്. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരാണ് ‘ഉദയനാണ് താര’ത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.










