തിരൂർ: തീരദേശ മേഖലയിലെ യുവാക്കളുടെ ഉന്നമനത്തിനായി തിരൂർ പോലീസ് നടപ്പാക്കിയിരുന്ന ഇൻസൈറ്റ് പദ്ധതിയിലൂടെ പരിശീലനം നേടി ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കളെ തിരൂർ പോലീസ് ആദരിച്ചു.പറവണ്ണ, വാക്കാട്, വേളാപ്പുരം, വിദ്യാനഗർ എന്നീ തീരദേശ പ്രദേശങ്ങളിൽ നിന്നുള്ള ആദിത്യൻ, ഹൃദ്ധിക്ക്,ബിലാലുബിനു ഉമ്മർ, അബ്ദുൾ സിനാൻ, മുഹമ്മദ് നിഷാദ് എന്നിവർക്കാണ് ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ചത്.തിരൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി. മേപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങൾ നൽകി ആദരിച്ചു.ജനമൈത്രി പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ നേട്ടമെന്നും,യുവാക്കളുടെ വിജയത്തിൽ തിരൂർ പോലീസിന് അഭിമാനമുണ്ടെന്നും എസ്.എച്ച്.ഒ.അനിൽകുമാർ പറഞ്ഞു. ഇൻസൈറ്റ് പദ്ധതി വഴി കൂടുതൽ യുവാക്കളെ സായുധ സേനകളിലേക്കും മറ്റ് തൊഴിൽ മേഖലകളിലേക്കും എത്തിക്കാൻ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനമൈത്രി പോലീസ് കോ-ഓർഡിനേറ്ററും സബ് ഇൻസ്പെക്ടറുമായ നസീർ തിരൂർക്കാട് സ്വാഗതം പറഞ്ഞു.എസ്.ഐ. സുജിത്ത് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എസ്.ഐ. ജിതിൻ, എ.എസ്.ഐ. ഷിജിത്ത് എന്നിവർ സംസാരിച്ചു.







