മലപ്പുറം: മാര്‍ക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങള്‍ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. കുഴിമണ്ണ കിഴിശേരി തവനൂര്‍ റോഡിലെ ചെങ്ങിണീരി അടക്ക മാര്‍ക്കറ്റില്‍ നിന്നാണ് 3.64 ലക്ഷം രൂപയോളം വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്ക മോഷ്ടിച്ചത്. കിഴിശേരി ചെമ്മക്കോട്ടില് റഹീസ് (18), മുതുവല്ലൂര്‍ മുണ്ടക്കുളം അയിനാത്ത് സല്മാന് ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല മുഹമ്മദ് ആദില്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരാണ് പിടിയിലായത്. മാര്‍ക്കറ്റിനുള്ളില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന അടക്കയാണ് സംഘം ലക്ഷ്യമിട്ടത്. ഗേറ്റ് ചാടിക്കടന്നാണ് മോഷണം നടത്തിയത്.
മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പറമ്പില്‍പീടിക ഭാഗത്ത് മോഷ്ടിച്ച അടക്ക വില്‍ക്കാനെത്തിയ അഞ്ചുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച 16 ചാക്കുകളില്‍ 10 ചാക്ക് പറമ്പില്‍പീടികയിലെ ഒരു കടയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ സംഗീത പുനത്തില്‍, എസ്.ഐ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.









