ഒരു പെൺകുട്ടി തന്നിൽ നിന്ന് പണം തട്ടിയെടുത്ത സംഭവം പങ്കുവെച്ച് നടൻ നിർമൽ പാലാഴി. മെഡിക്കല്‍ കോളജിലെ നേഴ്സിങ് സ്റ്റാഫ് എന്ന് സ്വയം പരിചയപ്പടുത്തിയ പെൺകുട്ടി 10 മിനിറ്റിനുള്ളിൽ തിരികെ നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തന്നിൽ നിന്ന് പണം തട്ടിയെടുത്തത്. ഈ അടുത്ത് ഒരാളുമായി ആശുപത്രിയിൽ എത്തിയപ്പോൾ പെൺകുട്ടി ബോധപൂർവ്വം സഹായങ്ങൾ ചെയ്ത്, അതിലൂടെ നമ്പർ വാങ്ങുകയായിരുന്നു. പിന്നീട സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തന്നിൽ നിന്ന് പണം തട്ടിയത് എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.ഈ നവംബർ 15ന് ഒരാള്‍ക്കൊപ്പം താൻ ആശുപത്രിയിൽ എത്തിയതായിരുന്നു. അപ്പോഴാണ് മെഡിക്കല്‍ കോളജിലെ നേഴ്സിങ് സ്റ്റാഫ് എന്നുസ്വയം പരിചയപ്പെടുത്തിയ പെൺകുട്ടി തങ്ങൾക്ക് സഹായങ്ങൾ ചെയ്തത്. അവർ തന്റെ ഫോൺ നമ്പറും വാങ്ങി. അന്ന് വൈകുന്നേരം അക്കാര്യം പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഒരു ദിവസം ആ പെൺകുട്ടി 40,000 രൂപ കടം ചോദിച്ചു. 10 മിനിറ്റിനുള്ളിൽ തിരികെ നൽകാം എന്നായിരുന്നു പറഞ്ഞത്. എന്നാൽ തിരികെ വിളിച്ചപ്പോൾ തന്റെ നമ്പർ അവർ ബ്ലോക്ക് ചെയ്തിരുന്നു എന്നും നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്ക് വെക്കുന്നു. ഈ നവംബർ 15 ന് വീട്ടിലെ കിണറ്റിൽ ഒരു നായകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ മൂപ്പരുമായി എന്റെ സ്‌കൂട്ടറിൽ മെഡിക്കൽ കോളേജിൽ പോയി ഇഞ്ചക്ഷൻ എടുക്കുന്നു ശേഷം ഒരു മണിക്കൂർ ഒബ്സർവേഷനിൽ ഇരിക്കുവാൻ പറയുന്നു, എനിക്ക് ആണെങ്കിൽ അന്ന് വൈകുന്നേരം മലപ്പുറം ഒരു പ്രോഗ്രാമിന് പോവാൻ ഉണ്ടായിരിന്നു, എന്ത് ചെയ്യും എന്ന് ടെൻഷൻ അടിച്ചു നിൽക്കുമ്പോ.. പിറകിൽ നിന്നും ഒരു പെൺകുട്ടി സാർ എന്ത് പറ്റി…? ഞാൻ അവരോട് നടന്ന കാര്യം പറഞ്ഞു യൂണിഫോം ഇട്ടിട്ടൊന്നും ഇല്ലെങ്കിലും കഴുത്തിൽ ടാഗ് കെട്ടി നേഴ്സിങ് സ്റ്റാഫ് ആണെന്ന് അവർ സ്വയം പരിചയപ്പെടുത്തി. ചേട്ടൻ പൊയ്ക്കോ രാജേട്ടന്റെ അടുത്ത് ഞാൻ നിന്നോളാം എന്നവർ പറഞ്ഞപ്പോ എനിക്ക് തല്ക്കാലം വലിയൊരു ഉപകാരമായി എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാം എന്നും പറഞ്ഞു അവർ എന്റെ നമ്പർ വാങ്ങി.അന്ന് രാത്രി ഒരു 7,8 ആയപ്പോൾ അവർ എന്നെ വിളിച്ചു സാർ അവര് ഡിസ്ചാർജ് ആയിട്ടോ എന്ന് പറഞ്ഞു ഞാൻ അവരോടു ഒരുപാട് നന്ദിയും പറഞ്ഞു ബൈ പറഞ്ഞു. നവംബർ 28 ന് ഞാൻ പാലക്കാട് ധ്യാൻ, സിജുവിത്സൻപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന “ഡിക്ടറ്റീവ് ഉജ്ജലൻ” എന്ന സിനിമയിൽ ഒരു കുഞ്ഞു വേഷത്തിൽ അവസരം കിട്ടിയപ്പോ വന്നതാണ് അന്ന് ഒരു 4 30 ന് ഈ കുട്ടി വിളിക്കുന്നു. സാർ ഞാൻ അന്ന് സാറിനെ ഹെൽപ്പ് ചെയ്ത…… ആണ് സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുതെ.. എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം. ഞാൻ പറഞ്ഞു മോളെ ഞാൻ സിനിമയിൽ അവസരങ്ങൾ ലഭിക്കുമ്പോ ചെയ്യുന്നു എന്നല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ എന്റെ കയ്യിൽ ഒരുപാട് പൈസയൊന്നും ഇല്ല മാത്രമല്ല ഉള്ളതെല്ലാം എടുത്ത് ഒരു വീട് ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാടിലും ആണ്. പക്ഷെ അവർ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഒരു ആരോഗ്യ പ്രവർത്തകയോട് ഇല്ല എന്ന് പറയുവാൻ എന്റെ മനസ്സ് അനുവദിച്ചില്ല കാരണം അവരുടെ ദാനമാണ് എന്റെ ജീവിതം മാത്രമല്ല അവർ ഒരു നേഴ്സ് ആണന്നാണ് പറഞ്ഞത്, എന്നെ നോക്കിയ നേഴ്സ്മാരുടെ ഒരു ഗ്രുപ്പ് എനിക്ക് ഉണ്ട് “എന്റെ മാലാഖ കൂട്ടം” പിന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാൻ ക്യാഷ് അയച്ചു കൊടുത്തു. 10,20 30 40 മിനിട്ടുകൾ കടന്ന് പോയി ക്യാഷ് തന്നില്ല വിളിച്ചു നോക്കിയപ്പോൾ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ Dr shameer സാറുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെ ഒരാൾ അവിടെ വർക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു. സങ്കടവും ദേഷ്യവും വന്ന ഞാൻ പോലിസ് സൗഹൃദം വച്ചു ഉടൻ തന്നെ പരാതി കൊടുത്തു. പന്തിരാങ്കാവ് പോലിസ് സ്റ്റേഷനിലെ ഓഫീസറും പ്രിയ സുഹൃത്തുമായ രഞ്ജിഷ്, മെഡിക്കൽ കോളേജ് സ്റ്റേഷൻ, സൈബർ സെൽ ബിജിത്ത് ഏട്ടൻ,അവസാനം അസിസ്റ്റന്റ് കമീഷണർ സിദ്ധിക്ക് സാർ, അങ്ങനെ എനിക്ക് പറ്റാവുന്ന ആളുകളെയെല്ലാം ഞാൻ വിളിച്ചു. കാരണം, എന്നെ പറ്റിച്ചു അതും ഞാൻ അങ്ങേ അറ്റം സ്നേഹിക്കുന്ന ആളുകളുടെ പേരും പറഞ്ഞു അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.