ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്ന് ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മകൾ അനിത ബോസ് ഫാഫ് . നിലവിൽ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് വിവരം. ഇത് തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന് നേരത്തെയും കുടുംബം ആവശ്യപ്പെട്ടിരുന്നു.രാജ്യം സ്വതന്ത്രമായിട്ട് 80 വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം വിദേശ മണ്ണിൽ തന്നെ തുടരുന്നത് ഏറെ വേദനയുണ്ടാക്കുന്നു. ഉചിതമായ അന്തിമ ചടങ്ങുകൾക്കായി ഭൗതികാവശിഷ്ടം ഇന്ത്യയിലെത്തിക്കുന്നതിനെ പിന്തുണക്കണമെന്ന് ഇന്ത്യക്കാരോട് അവർ അഭ്യർത്ഥിച്ചു. നിലവിൽ ജർമ്മനിയിലുള്ള അനിത ബോസ് പ്രസ്താവനയിൽ കൂടിയാണ് ഇക്കാര്യം അഭ്യർത്ഥിച്ചത്.1945 ഓഗസ്റ്റിൽ ജപ്പാന്റെ കീഴടങ്ങലിനു പിന്നാലെ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരിൽ നിന്ന് ടോക്കിയോയിലേക്ക് പോയി. തായ്പേയിൽ വെച്ച് ഓഗസ്റ്റ് 18-നാണ് വിമാനപകടം ഉണ്ടാകുന്നത്. ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് മരിക്കുകയായിരുന്നുവെന്നാണ് അനിത ബോസ് വ്യക്തമാക്കുന്നത്. തായ്പേയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യ ചടങ്ങുകൾ. ചിതാഭസ്മം ജപ്പാനിലേക്ക് മാറ്റിയതായും മകൾ അവകാശപ്പെട്ടു. സുഭാഷ് ചന്ദ്രബോസിന്റെ 129-ാമത് ജന്മദിനത്തിലാണ് മകൾ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.











