ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീം കോടതി സ്റ്റേചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. കേസിലെ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമം 2015-ലെ സംസ്ഥാന നിയമസഭ പാസ്സാക്കിയതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978-ലെ ഗുരുവായൂർ ദേവസ്വം നിയമനത്തിലെ 19-ാം വകുപ്പിനാണ് നിയമസാധുത എന്നായിരുന്നു കേരള ഹൈക്കോടതി വിധി. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമം 2015-ന്റെ ഒൻപതാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് പി.എൻ. രവീന്ദ്രന്റെ അധ്യക്ഷതയിൽ മൂന്നംഗ മേൽനോട്ട സമിതിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു.എന്നാൽ, ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സുപ്രീം കോടതിയിൽ വാദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട കേസിൽ 2007-ൽ ജസ്റ്റിസ് പരിപൂർണൻ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച വിധിയിൽ നിയമനവും ആയി ബന്ധപ്പെട്ട അഴിമതികളെ സംബന്ധിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് 2015-ൽ നിയമസഭാ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് നിയമം പാസ്സാക്കിയതെന്ന് റിക്രൂട്ട്‌മെന്റ് ബോർഡിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരി, അഭിഭാഷകൻ ജി. പ്രകാശ് എന്നിവർ വാദിച്ചു. 2015-ലെ നിയമം പാസ്സാക്കിയപ്പോൾ മുമ്പുണ്ടായിരുന്ന മറ്റ് നിയമങ്ങൾ എല്ലാം പിൻവലിക്കാത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. 2015-ലെ നിയമത്തിലെ വ്യവസ്ഥ പ്രകാരം മുൻ നിയമങ്ങൾ എല്ലാം അപ്രസക്തമായെന്ന് റിക്രൂട്ട്‌മെന്റ് ബോർഡ് അഭിഭാഷകർ കോടതിയെ അറിയിച്ചു.








