മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന് ജന്മനാടായ ബാരാമതി വിടചൊല്ലി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങ്. ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ മൈതാനിലേക്ക് ഒഴുകിയെത്തിയ പതിനായിര കണക്കിന് ജനങ്ങളെ സാക്ഷിയാക്കി അജിത്ത് പവാർ ഓർമയിലേക്ക് മറഞ്ഞു. രാവിലെ 7 മണിയോടെയാണ് ബാരാമതി മെഡിക്കൽ കോളേജിൽ നിന്ന് ഭൗതികദേഹം അജിത് പവാറിൻ്റെ വസതിയിലേക്ക് എത്തിച്ചത്.പിന്നീട് ബാരാമതിയിലെ ഓഡിറ്റോറിയത്തിലും പൊതുദർശനം നടത്തിയ ശേഷം വിലാപയാത്രയായി വിദ്യ പ്രതിഷ്ഠാൻ മൈതാനിലേക്ക് എത്തിച്ചു. റോഡരികിൽ ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് തുടങ്ങി സംസ്ഥാനത്തെയും ദേശീയ തലത്തിലെയും നേതാക്കളുടെ ഒരു നീണ്ട നിര അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.അതേസമയം വിമാന ദുരന്തത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലാൻഡിങ്ങിനായി താഴ്ന്നു വരുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട് വശത്തേക്ക് ചെരിഞ്ഞ ശേഷം തകർന്നുവീഴുന്നതാണ് ദൃശ്യങ്ങളിൽ . നിർണായ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്.അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്കായി കൊണ്ടുപോകും. സർക്കാറിന്റെ അഭ്യർത്ഥന മാനിച്ച് വിമാനത്താവളത്തിൽ വ്യോമസേന മെച്ചപ്പെട്ട എടിസി സംവിധാനം ഏർപ്പെടുത്തി.









