തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടി വിവാദമായതോടെ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ടായിരുന്ന ബിജെപി നേതാവ് രതീഷ് ആർ നായരെയാണ് പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയത്.ബിജെപി പെൻഷനേഴ്സ് സെൽ നേതാവാണ്. ചട്ടങ്ങൾ ലംഘിച്ച് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച രതീഷ് ആർ നായരെ വീണ്ടും നിയമിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ നടപടി.രതീഷിന്റെ നിയമനം മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിയാതെയാണെന്ന് കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രതീഷ് ബിജെപിക്കാരനാണെന്നതിൽ സംശയമില്ല. നിയമവശം പരിശോധിച്ച് തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ആരോഗ്യ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് നഴ്സിംഗ് സീനിയർ സൂപ്രണ്ട് ആയി ഇക്കഴിഞ്ഞ സെപ്തംബർ 15നാണ് രതീഷിന് നിയമനം നൽകിയത്. കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. സർക്കാരിന് താൽപര്യമുണ്ടെങ്കിൽ കരാർ നീട്ടി നൽകാമെന്നായിരുന്നു വ്യവസ്ഥ, മാസം 31,480 രൂപയായിരുന്നു ശമ്പളം.അടുത്തകാലത്താണ് സർക്കാർ സർവീസിൽ നിന്ന് രതീഷ് വിരമിക്കുന്നത്. അന്ന് ബിജെപിയുടെ സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ ബിജെപി സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂലായ് 15നാണ് രതീഷിനെ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള ബിജെപിയുടെ പെൻഷണേഴ്സ് സെല്ലിൽ നിയമിച്ചത്.









