കടങ്ങോട്:വർഷങ്ങളായുള്ള സ്വപ്നത്തിന് വിരാമമിട്ട് അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീടിന്റെ തണൽ. റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ എൻ.എസ്.എസ് യൂണിറ്റും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും (വി-ഗാർഡ്) ചേർന്ന് നടപ്പിലാക്കിയ “സ്വപ്നക്കൂട്” പദ്ധതിയുടെ ഭാഗമായി കടങ്ങോട് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് നീണ്ടൂരിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഞായറാഴ്ച നടന്നു.
കുന്നംകുളം എം.എൽ.എ. എ.സി. മൊയ്തീൻ താക്കോൽദാനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ കൈകളാൽ പിറന്ന സ്നേഹഭവനം നാടിന് സമർപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും കോളേജ് അധികൃതരും എൻ.എസ്.എസ് വളണ്ടിയർമാരും നാട്ടുകാരും പങ്കെടുത്തു.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം മീന സാജൻ, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, റോയൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. സുരേഷ് വേണുഗോപാൽ, സി.ഇ.ഒ. വി.പി. സലിം, ജനറൽ സെക്രട്ടറി കെ.എം. ഹൈദരാലി, സെക്രട്ടറി എം.വി. മൊയ്തുണ്ണി, എൻ.എസ്.എസ് റീജിയണൽ സ്റ്റാഫ് കോർഡിനേറ്റർ വിപിൻ കൃഷ്ണ, പ്രോഗ്രാം ഓഫീസർ കൃഷ്ണകുമാർ ആർ., അഡ്മിനിസ്ട്രേറ്റർ കെ.പി. ഷർമിള, വളണ്ടിയർ സെക്രട്ടറിമാരായ മുത്താറ്, സനുഷ, ആദിത്യ സുരേഷ്, ത്വയ്ബ് എന്നിവർ സംസാരിച്ചു.
കെ.ടി.യു. എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. അരുൺ, ഭവന പദ്ധതി ഏകോപിപ്പിച്ച ഡോ. ജോയ് വർഗീസ്, ഫൗണ്ടേഷൻ മാനേജർ ദീപക്, വിദ്യാർത്ഥി പ്രതിനിധികളായ അൻഷിഫ്, സൂരജ് മോഹൻ, അനസ്, കൃഷ്ണപ്രസാദ്, സിയാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയ കോർഡിനേറ്റർ നൂറുദ്ദീനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.







