കോട്ടയം ഏറ്റുമാനൂരിൽ എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ. ഏറ്റുമാനൂരിലെ ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിലെ ഡോക്ടറായ അരുൺ മുരളീധരനാണ് പിടിയിലായത്.
പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഡോക്ടറുടെ കൈവശത്തുനിന്ന് 0.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്നിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.







