സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 91,720 രൂപയിലേക്കെത്തി.കഴിഞ്ഞ നാല് ദിവസമായി സ്വർണവിലയിൽ തുടർച്ചയായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ഒരു സന്തോഷവാർത്തയാണ്. ഏറെ നാളുകളായി പവന് ഒരു ലക്ഷത്തിന് മുകളിലായിരുന്നു. ആ നിരക്കാണ് ഇപ്പോൾ ഇടിഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഇന്നാണ്.
സ്വർണവിലയിലെ ഓരോ മാറ്റങ്ങളും സാധാരണക്കാരെയും നിക്ഷേപകരെയും ജുവലറി ഭീമൻമാരെയും ഒരുപോലെയാണ് ബാധിക്കുന്നത്. സ്വർണവില കുറയുമ്പോൾ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വിവാഹം, മറ്റ് കുടുംബാവശ്യങ്ങൾ തുടങ്ങിയവയ്ക്കായി സ്വർണം വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ വില കുറയുന്നത് പ്രയോജനപ്പെടുത്താം.
അത്യാവശ്യമില്ലെങ്കിൽ വാങ്ങൽ കുറച്ചുകൂടി നീട്ടിവയ്ക്കുന്നതും പരിഗണിക്കാവുന്നതാണ്. ഒരു ദിവസം വില കുറഞ്ഞതുകൊണ്ട് മാത്രം വിപണി താഴേക്ക് പോകുകയാണെന്ന് കരുതരുത്. കഴിഞ്ഞ ദിവസങ്ങളിലെ വിലമാറ്റവും അന്താരാഷ്ട്ര സ്വർണവിലയും രൂപയുടെ മൂല്യവും പരിശോധിക്കുക.









