കുന്നംകുളം:താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി.സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തി.ചാലിശ്ശേരി കുന്നത്തേരി സ്വദേശി മണാളത്ത് വളപ്പിൽ കുഞ്ഞൻ (71) ആണ് മരിച്ചത്.കഴിഞ്ഞ സെപ്റ്റംബർ നാലിന് ചാലിശ്ശേരി സെന്ററിൽ വച്ച് അപകടം സംഭവിച്ചതിനെ തുടർന്ന് കുഞ്ഞൻ കിടപ്പിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി ബന്ധുക്കൾ എത്തിയപ്പോഴാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ലെന്നും മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.ഇതോടെയാണ് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നേരത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടത്താമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. തുടർന്ന് ചാലിശ്ശേരി സബ് ഇൻസ്‌പെക്ടർ ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രി അധികൃതരുമായി സംസാരിച്ചെങ്കിലും പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി അധികൃതർ തയ്യാറായില്ല.തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കുതർക്കമുണ്ടായി. യാതൊരു കാരണവശാലും താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ അനുമതി നൽകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ ബന്ധുക്കൾ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് മൂന്നുമണിയോടെ സംസ്കാരം നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.എന്നാൽ ഒരു മാസം മുൻപ് അപകടം സംഭവിച്ചതിനാൽ മരണകാരണം അപകടം തന്നെയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സംശയം ഉള്ളതിനാൽ ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് എവി മണികണ്ഠൻ പറഞ്ഞു.







