കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17-കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്നും ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നും 17-കാരൻ ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കേസിൽ കുട്ടിയുടെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (Social Background Report) തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. 17-കാരൻ നേരത്തേയും ബൈക്കടക്കമുള്ള വാഹനങ്ങൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. 17-കാരൻ താമസിക്കുന്ന ഫ്ളാറ്റിൽ അടക്കം പരിശോധന നടത്തിയതിൽ നിന്നാണ്, കുട്ടി ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും വാഹനം ഓടിച്ചതിന്റെ മറ്റ് തെളിവുകളും പോലീസിന് ലഭിച്ചത്. ഈ തെളിവുകൾ മുൻനിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ്, അപകടത്തിന് മുമ്പും താൻ കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്ക് ഓടിച്ച് സ്കൂളിൽ പോയിട്ടുണ്ടെന്നും 17-കാരൻ പോലീസിനോട് സമ്മതിച്ചത്. അതേസമയം, വീട്ടുകാർ അറിയാതെയാണ് താൻ ഇക്കാര്യങ്ങൾ ചെയ്തത് എന്നാണ് 17-കാരൻ പറയുന്നത്. എന്നാൽ ഇക്കാര്യം പോലീസ് കണക്കിലെടുത്തിട്ടില്ല.മകൻ സ്ഥിരമായി ബൈക്കും കാറുമൊക്കെ ഓടിക്കുന്നയാളാണെങ്കിൽ അത് വീട്ടുകാർ ഏതെങ്കിലും തരത്തിൽ അറിഞ്ഞിട്ടുണ്ടാകും എന്ന നിലപാടിലാണ് പോലീസ്. പിതാവിന്റെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യം മുൻനിർത്തി കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും 17-കാരന്റെ മൊഴിയെടുത്തത്.ചോദ്യംചെയ്യലിന്റെ വിശദാംശങ്ങളോടുകൂടി വൈകാതെ പോലീസ് എസ്ബിആർ കോടതിയിൽ സമർപ്പിക്കും.









