പാലക്കാട്: പാലക്കാട്ട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.രാവിലെ കോളേജിലേക്ക് പോകുന്നതിനായി ബസിൽ കയറിയ ഗൗരിയുടെ ഒരു ഷൂ അഴിഞ്ഞു പുറത്തേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായി കുട്ടി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ബസിൽനിന്ന് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
ഉടൻതന്നെ കുട്ടിയെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോങ്ങാട് സ്വദേശിയായ എം.പി. ഗോപീകൃഷ്ണന്റെയും ബീനയുടെയും മകളാണ് ഗൗരി.







