പൊന്നാനി:കേരളത്തിൽ വിജയകരമായി നടപ്പാക്കിയ ‘പൊന്നാനി മോഡൽ’ മണൽ ശുദ്ധീകരണ പദ്ധതി ഗോവയിലും നടപ്പാക്കാൻ രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം. പദ്ധതി പഠനത്തിന്റെ ഭാഗമായി കുറ്റിപ്പുറം കിൻഫ്രയിലെ പ്രോസസിങ് പ്ലാന്റ് സന്ദർശിച്ച ഗോവ തുറമുഖവകുപ്പ് മന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണു കമ്പനിക്ക് ഔദ്യോഗിക ക്ഷണം നൽകിയത്
2017-ൽ കേരള സർക്കാരും രാജധാനി മിനറൽസും ചേർന്ന് പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ആരംഭിച്ച പദ്ധതിയാണിത്. അഴിമുഖങ്ങളിൽ നിന്നു ശാസ്ത്രീയമായി മണൽ ശുദ്ധീകരിച്ച് നിർമാണ ആവശ്യങ്ങൾക്ക് ന്യായവിലയിൽ ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്തു ശ്രദ്ധേയ വിജയം കൈവരിച്ചിരുന്നു.
കുറ്റിപ്പുറത്തെ പ്ലാന്റിലെ സന്ദർശനത്തിൽ യോഗിരാജ് കാമത്ത്, നിഖിൽ ദേശായി ഐഎഎസ്, മാധവ് സമത്ത്, രേണു ഗോപിനാഥ് പണിക്കർ, ഒക്ടാവിയോ റോഡ്രിഗസ്, റീജനൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി വാരിയർ, കിൻഫ്ര സോണൽ മാനേജർ കിഷോർ, കുറ്റിപ്പുറം കിൻഫ്ര പാർക്ക് മാനേജർ കെ.സക്കീർ, ഡപ്യൂട്ടി തഹസിൽദാർ വി.വിനോദ്കുമാർ, പി.വി.നിയാസ്, പി.ലത്തീഫ്, കെ.ജംഷീദ് എന്നിവർ പങ്കെടുത്തു.
ഉപ്പുരസം നീക്കം ചെയ്യൽ, മണലിന്റെ ഗുണനിലവാര പരിശോധന, സംസ്കരണ രീതി, വിതരണ സംവിധാനം എന്നിവയെക്കുറിച്ച് വിദഗ്ധർ സംഘത്തിന് വിശദീകരണം നൽകി. തുടർന്നു പ്ലാന്റിലെ വിവിധ സംസ്കരണ ഘട്ടങ്ങൾ സംഘം നേരിട്ടു വിലയിരുത്തി. തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനും അഴിമുഖങ്ങളുടെ ആഴം വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സഹായകമായ ഈ പദ്ധതി ഗോവയിലും നടപ്പാക്കാനുള്ള നടപടികൾക്ക് തുടക്കമായതോടെ കേരളത്തിന്റെ വിജയകരമായ ‘പൊന്നാനി മോഡൽ’ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാനുള്ള വഴിയാണു തുറന്നിരിക്കുന്നത്







