എടപ്പാൾ:എടപ്പാളിലെ ഓണാഘോഷത്തിന് മാറ്റു കൂട്ടാൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും ചേർന്നൊരുക്കുന്ന അഞ്ചു ദിവസം നീളുന്ന ഹരിതോത്സവത്തിന് കനത്ത മഴയിലും വർണാഭമായ തുടക്കമായി.എടപ്പാളിൽ നിന്ന് വാദ്യഘോഷങ്ങളും നാടൻകലകളും ഓണക്കാഴ്ചകളുമടങ്ങുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിച്ച പരിപാടി
തിരൂർ സബ് കളർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ആത്മ ഡയറക്ടർ എസ്. ആർ. രശ്മി, എം.എ. നജീബ്, സി.വി. സുബൈദ, കെ.ജി. ബാബു, ടി.വി. ശിവദാസ്, ആർ. ഗായത്രി, പി.വി. വിജീഷ്, അഡ്വ. പി.പി. മോഹൻദാസ്, മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.ആരിഫ നാസർ, ഇ.കെ. ദിലീഷ് , എൻ. ആർ. അനീഷ്, പ്രേമലത, സി.എം.അർബർ, ഇ.എസ്. സുകുമാരൻ, കെ.പി. ദീപ എന്നിവർ നേതൃത്വം നൽകി.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ കാർഷിക പ്രദർശനം,വിജ്ഞാന വിപണന മേള എന്നിവയാണ് ഇതിന്റെ ഭാഗമായി നടന്നത്.രാത്രി പന്തിരുകുലത്തിന്റെ നാടൻപാട്ടും നടന്നു.വരും ദിവസങ്ങളിൽ സെമിനാറുകൾ, ജില്ലാ കുടുംബശ്രീയുടെ ഫുഡ് ഫെസ്റ്റ്, അഗ്രി ക്ലിനിക്കുകൾ,സാംസ്‌കാരിക കലാ സന്ധ്യ തുടങ്ങി പ്രദേശത്തെ ഉത്സവലഹരിയിലാഴ്ത്തുന്ന പരിപാടികൾ നടക്കും.കർഷകർ, കാർഷിക സമിതികൾ, സന്നദ്ധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ,വ്യാപാരികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഹരിതോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.കാർഷിക രംഗത്തെ നൂതന കാഴ്ചപ്പാടുകൾ,കണ്ടെത്തലുകൾ എന്നിവ പരിചയപ്പെടുത്തുന്ന വിദഗ്ദരുടെ ക്ലാസുകളാണ് സെമിനാറുകളിൽ നടക്കുക.വെള്ളിയാഴ്ച കൃഷി വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ കലാവിരുന്ന്,ശനിയാഴ്ച കുടുംബശ്രീ-അങ്കണവാടി കലോത്സവം,ഞായറാഴ്ച ശിവജി ഗുരുവായൂരിന്റെ നാടകം എന്നിവ നടക്കും.











