പൊന്നാനി: മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശ രഹിത അയൽക്കൂട്ട പ്രതിനിധികളും ഭാരവാഹികളും ചമ്രവട്ടം കണ്ടു കുറമ്പക്കാവിൽ എം.പി. ഗംഗാധരൻ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ശബരിമല ഇടത്താവളം സന്ദർശിച്ചു.അയ്യപ്പഭക്തർക്ക് ആവശ്യമായ ഭക്ഷണവിഭവങ്ങളും കൈമാറി. ക്ഷേത്രാംഗണത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എം.രാമനാഥൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.രാജീവ് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തണൽ നൽകുന്ന ഭക്ഷണവിഭവങ്ങൾ പ്രസിഡൻ്റ് ടി.പി. നാസർ, സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് എന്നിവർ ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി. ഉണ്ണികൃഷ്ണൻ പൊന്നാനി,ഏ.ടി. അലി, അഡ്വ. ജബ്ബാർ, സി.എ.ശിവകുമാർ, രജ്ഞിത്, സമീർ എന്നിവർ പ്രസംഗിച്ചു.
മാറഞ്ചേരിയിൽ മുക്കാല കേന്ദ്രീകരിച്ച് കഴിഞ്ഞ 17 വർഷമായി പ്രവർത്തിക്കുന്ന പലിശ രഹിത അയൽകൂട്ട സംവിധാനമാണ് തണൽ വെൽഫെയർ സൊസൈറ്റി. രണ്ട് കിലോമീറ്റർ ചുറ്റളവിൽ 150 സംഗമം പലിശ രഹിത അയൽകൂട്ടങ്ങളിലായി മുവ്വായിരത്തോളം മെമ്പർമാർ പ്രവർത്തിക്കുന്നു.വർഷംതോറും കോടിക്കണക്കിന് രൂപയാണ് ഇതിലെ അംഗങ്ങൾ പരസ്പരം പലിശ രഹിത വായ്പകൾ നൽകിയത്. കൂടാതെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന തണൽ പുരയിട കൃഷി, സ്വയം തൊഴിൽ സംരംഭങ്ങൾ, വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമുള്ള കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും തണൽ നടത്തിവരുന്നു.
ശബരിമല ഇടത്താവള സന്ദർശനത്തിന് അയൽകൂട്ടം പ്രവർത്തകരായ ബേബി ബാൽ, ശരീഫാ നാസർ ആരിഫ , റഷീദ, വിൻസി, സംഗമം കോർഡിനേറ്റർ റമീനാഫാരിഷ് , റസീന , ബിന്ദു എന്നിവർ നേതൃത്വം നൽകി.






