പട്ടാമ്പി: പട്ടാമ്പിയിൽ വയോധികയായ സ്ത്രീയെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുവേഗപ്പുറ ഉതിരംകുഴി സ്വദേശിനിയായ സുലോചന (59) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. കോയമ്പത്തൂർ–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ പട്ടാമ്പി റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് വെച്ച് സുലോചനയെ ഇടിക്കുകയായിരുന്നു.
ട്രെയിൻ ഇടിച്ചുവീണ നിലയിൽ മൃതദേഹം കണ്ടതോടെ നാട്ടുകാരും യാത്രക്കാരും റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.








