തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നുരാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് കണക്ട് ചെയ്യുകയായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താകുറിപ്പിൽ പറയുന്നത്.താൻ മേയറായി തിരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്.ഇന്ന് നടന്ന മേയർ തിരഞ്ഞെടുപ്പിൽ 51 വോട്ടുകൾ നേടിയാണ് വിവി രാജേഷ് മേയറായത്. ബിജെപിയുടെ 50 വോട്ടുകളും കണ്ണമ്മൂല കൗൺസിലറും സ്വതന്ത്രനുമായ രാധാകൃഷ്ണന്റെ വോട്ടുമാണ് വിവി രാജേഷിന് ലഭിച്ചത്. കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച വി വി രാജേഷിനെ ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്. മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, രാഷ്‌ട്രീയ പരിചയം മുൻനിർത്തി രാജേഷിനെ മേയർ സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു. ആശാനാഥ് ആണ് ബിജെപിയുടെ ഡെപ്യൂട്ടി മേയർ.








